സ്വർണക്കടത്ത് കേസിൽ പ്രതിയായ കന്നഡ നടി രന്യ റാവുവിന് ക്ഷേത്രത്തിൽ പ്രത്യേക വിഐപി ദർശനം ഒരുക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒക്ടോബർ 31-നാണ് ഹാസൻ ജില്ലയിലെ പ്രസിദ്ധമായ ഹാസനാംബ ക്ഷേത്രത്തിൽ രന്യ റാവുവും കുടുംബവും ദർശനം പൂർത്തിയാക്കിയത്.
വിരമിച്ച ഡിജിപിയായ രണ്ടാനച്ഛൻ കെ. രാമചന്ദ്ര റാവുവും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
മുൻ ഡിജിപി എന്ന നിലയിൽ കെ. രാമചന്ദ്ര റാവുവിന് അനുവദിച്ചിട്ടുള്ള ഔദ്യോഗിക പ്രോട്ടോക്കോൾ വാഹനത്തിലാണ് നടി ക്ഷേത്രത്തിൽ എത്തിച്ചേർന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതിയായ ഒരാൾക്ക് പൊലീസ് സുരക്ഷയോടെ വിഐപി പരിഗണന നൽകി ദർശനം ഒരുക്കിയ നടപടിക്ക് എതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ കർണാടക സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
‘‘ഒരുപക്ഷേ സംസ്ഥാന സർക്കാരിന്റെ കണ്ണിൽ രന്യ റാവു ഒരു വിഐപിയായിരിക്കാം. കോൺഗ്രസ് സർക്കാർ അവരെ അങ്ങനെയായിരിക്കും കാണുന്നത്’’– ബിജെപി എംഎൽസി സി.ടി.
രവി സർക്കാരിനെതിരെ രൂക്ഷമായ പരിഹാസം ഉന്നയിച്ചു. ശരീരത്തിലും വസ്ത്രങ്ങൾക്കുള്ളിലുമായി അതിവിദഗ്ദ്ധമായി ഒളിപ്പിച്ച് 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയാണ് നടി രന്യ റാവു നേരത്തെ പിടിയിലായത്.
തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ അന്തർസംസ്ഥാന സ്വർണക്കടത്ത് ശൃംഖലയിലെ നിർണായക കണ്ണിയാണ് ഇവരെന്നും കണ്ടെത്തിയിരുന്നു. ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്വർണം എത്തിക്കുന്നതിനായി ഇവർ വൻ തുക കമ്മിഷനായി വാങ്ങിയിരുന്നു.
ഒരു കിലോഗ്രാം സ്വർണം എത്തിച്ചു നൽകുന്നതിന് ഏകദേശം 4 മുതൽ 5 ലക്ഷം രൂപ വരെയായിരുന്നു ഇവർ കൈപ്പറ്റിയിരുന്ന കമ്മിഷൻ. 102 കോടി രൂപയുടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും രന്യ റാവുവിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.
കേവലം ഒരു വർഷത്തിനുള്ളിൽ 127 കിലോഗ്രാം സ്വർണമാണ് ഇവർ ഇന്ത്യയിലേക്ക് കടത്തിയത് എന്നാണ് കുറ്റപത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടിയ്ക്ക് 102 കോടി രൂപ പിഴയും ചുമത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

