ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ശർമിള തന്റെ മകളുടെ വിവാഹ വേദി മാറ്റിയതായി പ്രഖ്യാപിച്ചു.
ബെംഗളൂരുവിലെ കുടുംബസ്വത്തിലുള്ള വീട്ടിൽ നിന്നുമാണ് വിവാഹ വേദി മാറ്റിയത്. സഹോദരനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്.
ജഗൻ മോഹൻ റെഡ്ഡിയുമായുള്ള സ്വത്ത് തർക്കത്തെ തുടർന്നാണ് ഈ നിർണായക തീരുമാനം എടുക്കേണ്ടി വന്നത്. ബെംഗളൂരുവിലെ യെലഹങ്കയിലുള്ള കുടുംബസ്വത്തിൽ വച്ച് നവംബർ 25 ന് മകൾ വൈ.എസ്.
അഞ്ജലി റെഡ്ഡിയുടെ വിവാഹം നടത്താനാണ് ശർമിള ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി ക്ഷണക്കത്തുകൾ തയാറാക്കുകയും ആന്ധ്ര, കർണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരടക്കമുള്ള പ്രമുഖരെ നേരിൽ കണ്ട് ക്ഷണിക്കുകയും ചെയ്തിരുന്നു.
എന്നാൽ യെലഹങ്കയിലെ കുടുംബസ്വത്ത് വസതിയിൽ വെച്ച് അനന്തരവളുടെ വിവാഹം നടത്താൻ ജഗൻ അനുമതി നൽകിയിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബർ 24 നാണ് അമേരിക്കയിൽ ഐടി ഉദ്യോഗസ്ഥനായ സോമല രഘുരാമി റെഡ്ഡിയുമായി അഞ്ജലിയുടെ വിവാഹ നിശ്ചയം നടന്നത്.
വേദി മാറ്റിയ വിവരം ശർമിള സോഷ്യൽ മീഡിയയിലൂടെയാണ് ഔദ്യോഗികമായി പങ്കുവെച്ചത്. “എന്റെ മകൾ അഞ്ജിലിയുടെ വിവാഹം വിവാദങ്ങളില്ലാതെയും തർക്കങ്ങളില്ലാതെയും നടത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.
അതിനാൽ, വൈ.എസ്. അഞ്ജലി റെഡ്ഡിയുടെയും സോമല രഘുറാം റെഡ്ഡിയുടെയും വിവാഹം യെലഹങ്കയിലെ വീടിനു പകരം മറ്റൊരു വേദിയിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ നടത്താൻ ഞങ്ങൾ തീരുമാനിച്ചു.” എന്ന് ശർമിള വ്യക്തമാക്കി.
എന്നാൽ സുരക്ഷാപരമായ കാരണങ്ങളാലാണ് യെലഹങ്കയിലെ കുടുംബവീട്ടിൽ വിവാഹം നടത്താൻ അനുമതി നിഷേധിച്ചതെന്നാണ് ജഗൻ നൽകുന്ന വിശദീകരണം. വിവാഹത്തിന് നിരവധി അതിഥികൾ എത്തുമെന്നും, “” ഇത് എന്റെ വീടാണ്, എന്റെ കുടുംബവും ഞാനും ഇവിടെ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു”” എന്നും ജഗൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ഓഹരികൾ ഉൾപ്പെടെയുള്ള സ്വത്തുക്കളുടെ പേരിൽ സഹോദരങ്ങൾ തമ്മിലുള്ള നിയമപോരാട്ടം നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി വൈ.എസ്.
രാജശേഖര റെഡ്ഡി മകനും മകൾക്കും തുല്യമായി സ്വത്തുക്കൾ നൽകാനാണ് ആഗ്രഹിച്ചിരുന്നതെന്നാണ് ശർമിളയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഹൈദരാബാദ്, ബെംഗളൂരു, ഇടുപുലപായ എന്നിവിടങ്ങളിൽ ഇരുവർക്കുമായി വീടുകൾ നിർമിച്ചു നൽകിയിരുന്നു.
കർണാടകയിലെ യെലഹങ്കയിൽ ഇരുപത് ഏക്കർ സ്ഥലത്തുള്ള സ്വത്തിൽ ശർമിളയ്ക്ക് അവകാശപ്പെട്ട ഭാഗം ഇതുവരെ റജിസ്റ്റർ ചെയ്തു നൽകിയിട്ടില്ലെന്നാണ് ആരോപണം.
2009 സെപ്റ്റംബർ 2 നാണ് വൈ.എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെടുന്നത്.
അതിനുശേഷവും ജഗനും ശർമിളയും തമ്മിൽ നല്ല ബന്ധമായിരുന്നു. ജഗൻ ജയിൽവാസക്കാലത്ത് പാർട്ടിക്കുവേണ്ടി സജീവമായി രംഗത്തിറങ്ങിയത് ശർമിളയായിരുന്നു.
എന്നാൽ 2019 ൽ ജഗൻ അധികാരത്തിൽ എത്തിയതോടെയാണ് ഇരുവരും തമ്മിൽ അകലാൻ തുടങ്ങിയത്. തുടർന്നാണ് സ്വത്ത് തർക്കങ്ങളും ഇരുവർക്കുമിടയിൽ ഉടലെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

