സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഐപിഎൽ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ആറാം സീസണിലെ എട്ടാം മത്സരത്തിൽ കൊല്ലം അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ ജേതാക്കളായി. പുളിങ്കുന്നിൽ നടന്ന വാശിയേറിയ മത്സരത്തിൽ 3.06.139 മിനിറ്റിലാണ് ബോട്ട് ഫിനിഷ് ചെയ്തത്.
മത്സരത്തിന്റെ ഫൈനൽ ലാപ്പ് വരെ മൂന്നാം സ്ഥാനത്തായിരുന്ന അരോമ, അവസാന നൂറ് മീറ്ററിൽ കാഴ്ചവെച്ച അവിശ്വസനീയമായ പ്രകടനം സിബിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുഹൂർത്തങ്ങളിൽ ഒന്നായി മാറി. യുബിസികൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാമതും (3.06.669 മിനിറ്റ്), പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നാമതും (3.06.797 മിനിറ്റ്) ഫിനിഷ് ചെയ്തു.
ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും തമ്മിൽ കേവലം 0.530 മില്ലിസെക്കൻഡിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത് എന്നത് മത്സരത്തിന്റെ കടുത്ത പോരാട്ടവീര്യമാണ് വ്യക്തമാക്കുന്നത്. മണിമലയാറ്റിൽ നടന്ന ഈ ജലയുദ്ധത്തിൽ തുടക്കം മുതൽ തന്നെ അരോമ മൂന്നാം സ്ഥാനത്തായിരുന്നു.
നെട്ടായത്തിന്റെ ഭൂരിഭാഗം ദൂരത്തിലും വീയപുരവും മേൽപ്പാടവും തമ്മിലായിരുന്നു കനത്ത പോരാട്ടം. എന്നാൽ അവസാന പാദത്തിൽ നടത്തിയ ഇടിമിന്നൽ വേഗതയിലുള്ള കുതിപ്പിലൂടെ അരോമ വിജയം പിടിച്ചെടുക്കുകയായിരുന്നു.
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒസേപ്പച്ചൻ വെമ്പാടുംതറ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടനാട് എംഎൽഎ റെജി ചെറിയാൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎയും സിബിഎൽ ടെക്നിക്കൽ കമ്മിറ്റി അംഗവുമായ സി കെ സദാശിവൻ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
നിലവിലെ പോയിന്റ് നിലയനുസരിച്ച് 74 പോയിന്റോടെ അരോമ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, 72 പോയിന്റുമായി മേൽപ്പാടം രണ്ടാമതും 63 പോയിന്റുമായി വീയപുരം മൂന്നാം സ്ഥാനത്തും തുടരുന്നു. ഫൈനൽ അടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ ബാക്കി മത്സരങ്ങൾ കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിൽ നടക്കും.
നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ ആറാം സീസണിന് കൊടിയിറങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

