പ്രതികൂല കാലാവസ്ഥയും അറ്റകുറ്റപ്പണികളും തുടരുന്ന പശ്ചാത്തലത്തിൽ മേട്ടുപ്പാളയം – ഊട്ടി പൈതൃക ട്രെയിൻ സർവീസ് വരുന്ന തിങ്കളാഴ്ച വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പാതയിലെ പ്രവൃത്തികൾ പൂർത്തിയാകാത്തതാണ് സർവീസ് നീളാൻ കാരണം.
കനത്ത മഴയെത്തുടർന്ന് ട്രാക്കിൽ അറുപതോളം ഭാഗങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഒക്ടോബർ 24 മുതൽ ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മഴ കുറഞ്ഞിട്ടുണ്ടെങ്കിലും, ദുർബലമായ മണ്ണിനടിയിൽ നിന്ന് പാറക്കല്ലുകൾ ഉൾപ്പെടെയുള്ളവ ട്രാക്കിലേക്ക് പതിക്കുന്നത് അറ്റകുറ്റപ്പണികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നവംബർ രണ്ടു മുതൽ നീലഗിരി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ വീണ്ടും മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ, മേട്ടുപ്പാളയം – കൂനൂർ പാതയിലെ സർവീസ് പുനരാരംഭിക്കുന്നത് പൂർണ്ണമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. അതേസമയം, നിലവിൽ നിർത്തിവച്ചിരിക്കുന്ന ഊട്ടി – കൂനൂർ ട്രെയിൻ സർവീസ് പതിവുപോലെ ഉണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മേട്ടുപ്പാളയം – കൂനൂർ ദേശീയപാതയിലെ റോഡ് ഗതാഗതവും കഴിഞ്ഞ ഒരു ആഴ്ചയായി തടസ്സപ്പെട്ടിരിക്കുകയാണ്. നീലഗിരിയിൽ പ്രകൃതിദുരന്ത സെൻസർ സ്ഥാപിക്കും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്ത സാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി നീലഗിരിയിലെ 125 പ്രധാന സ്ഥലങ്ങളിൽ സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചു.
പ്രകൃതിദുരന്ത നിവാരണ വിഭാഗത്തിലെ വിദഗ്ധ സംഘം നേരിട്ടെത്തിയാണ് സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുന്നത്. കൂനൂർ – മേട്ടുപ്പാളയം റോഡിലെ ബർലിയാർ മുതൽ കൂനൂർ വരെയുള്ള ഭാഗങ്ങൾ, ഊട്ടിയിലെ ലവ്ഡേൽ, തലയാട്ടിമന്ത്, ഗാന്ധിനഗർ, കോടപ്പമന്ത് തുടങ്ങിയ പ്രവിശ്യകളാണ് വിദഗ്ധ സംഘം സന്ദർശിച്ചു വിലയിരുത്തിയത്.
പ്രദേശത്ത് ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് സൈറൺ മുഴങ്ങുന്ന രീതിയിലാണ് ഈ സെൻസറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വരുംകാലങ്ങളിൽ ഉണ്ടാകാനിടയുള്ള പ്രകൃതിദുരന്തങ്ങളിൽ നിന്നുള്ള വലിയ അപകടങ്ങളും ജീവഹാനിയും ഒഴിവാക്കുകയാണ് ഈ നൂതന സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

