പ്രമുഖ സംവിധായകൻ നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’ റിലീസിന് മുന്നേ തന്നെ വലിയ രീതിയിലുള്ള തരംഗമാണ് സിനിമാ ലോകത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 2026 നവംബർ 5 നാണ് ഈ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.
ഇതിനോടകം തന്നെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. മുൻകൂർ ടിക്കറ്റ് വിൽപ്പനയിലൂടെ ആഗോളതലത്തിൽ ഇതുവരെ 25 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിട്ടുള്ളത്.
ഇതിനിടയിൽ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘രാമായണ റൈസ് ഓഫ് എ ലെജന്റ്’ എന്ന പുതിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ ഇതിഹാസ ചിത്രത്തിൽ ശ്രീരാമനായി ബോളിവുഡ് താരം രൺബീർ കപൂർ എത്തുമ്പോൾ, ശക്തനായ വില്ലൻ കഥാപാത്രമായ രാവണനായി സൂപ്പർതാരം യഷാണ് വേഷമിടുന്നത്.
പ്രശസ്ത നടി സായ് പല്ലവിയാണ് ചിത്രത്തിൽ സീതാദേവിയായി അഭിനയിക്കുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ഈ വലിയ സിനിമ നിർമ്മിക്കുന്നത്.
മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് ഡേറ്റ് പോസ്റ്റർ ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കഥാപാത്രങ്ങളുടെ ആകർഷകമായ രൂപവും സിനിമയുടെ വലിയ ക്യാൻവാസും വ്യക്തമാക്കുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ മികച്ച ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
ഇന്ത്യൻ സിനിമ കാണുന്ന ഏറ്റവും വലിയ താരനിരയാണ് ഈ ചിത്രത്തിനായി ഒത്തുകൂടിയിരിക്കുന്നത്. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി അഭിനയിക്കുന്നു എന്നത് മലയാളികൾക്ക് ഏറെ പ്രത്യേകതയുള്ള കാര്യമാണ്.
പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിലൂടെ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു എന്നതും ശ്രദ്ധേയമാണ്. ‘ദംഗൽ’ അടക്കമുള്ള ചിത്രങ്ങളിലൂടെ ആഗോളതലത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തീർത്ത നിതേഷ് തിവാരിയും, നമിത് മൽഹോത്രയുടെ ‘രാമായണ’യും ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയാണ് ഒന്നിപ്പിക്കുന്നത്.
ചിത്രത്തിൽ ലക്ഷ്മണനായി രവി ദുബെയും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും, ഇന്ദ്രദേവനായി കുനാൽ കപൂറും, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും വേഷമിടുന്നു. ഓസ്കർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ.
റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി ആണ് ചിത്രത്തിന്റെ വി.എഫ്.എക്സ് ജോലികൾ കൈകാര്യം ചെയ്തിരിക്കുന്നത്. “രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം” എന്ന് നിർമ്മാതാവ് നമിത് മൽഹോത്ര ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്.
ഈ ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത്ത് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

