പ്രസിദ്ധമായ ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിന് ഇന്ന് (ഒക്ടോബര് 30) ഔദ്യോഗിക തുടക്കമാകും. നവംബർ 2 വരെ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്കാണ് ഇന്ന് തിരിതെളിയുന്നത്.
ഉത്സവത്തോടനുബന്ധിച്ചുള്ള കാവിൽ പൂജയും, നാഗരാജാവിനും സർപ്പയക്ഷിക്കും ഉള്ള മുഴുക്കാപ്പ് ചാർത്തും നാളെയോടെ സമാപിക്കും. ഇന്ന് രാവിലെ 6 മണിക്ക് വിശേഷാൽ രുദ്രാഭിഷേകത്തോടെ ചടങ്ങുകൾ ആരംഭിക്കും.
തുടർന്ന് സർപ്പംപാട്ടുതറയിൽ രുദ്ര ഏകാദശിനീ കലശാഭിഷേകവും, വൈകിട്ട് 6.30-ന് സർപ്പംപാട്ടുതറയിൽ കളമെഴുത്തും പുള്ളുവൻ പാട്ടും നടക്കും. നാളെ രാവിലെ 7 മണിക്ക് മുഴുക്കാപ്പ് ചാർത്തലും, വൈകിട്ട് 3.30-ന് നാഗരാജ പുരസ്കാര സമർപ്പണ സമ്മേളനവും നടക്കും.
തുടർന്ന് വൈകിട്ട് 5 മണിക്ക് ദീപക്കാഴ്ചയും ഉണ്ടായിരിക്കും. നവംബർ 1-ന് രാവിലെ 9.30-ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി, ചതുശ്ശത നിവേദ്യത്തോടെ ഉച്ചപ്പൂജ നടക്കും.
പ്രധാന ചടങ്ങായ ആയില്യം ഉത്സവം നടക്കുന്ന നവംബർ 2-ന് പുലർച്ചെ 4 മണിക്ക് തന്നെ ക്ഷേത്രനട തുറക്കും.
രാവിലെ 8 മണിക്ക് ഇല്ലത്തെ നിലവറയ്ക്കു സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകും. തുടർന്ന് രാവിലെ 9 മണിക്ക് കുടുംബത്തിലെ ഇളയ കാരണവർ എം.കെ.കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തിയുള്ള പൂജകൾക്ക് തുടക്കമാകും.
വാസുകീ ഭാവത്തിലുള്ള തിരുവാഭരണമാണ് ഈ വിശേഷ ദിവസത്തിൽ നാഗരാജാവിന് ചാർത്തുന്നത്. ഉച്ചയ്ക്ക് 1 മണിയോടെയാണ് പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത് നടക്കുക.
നിലവറയോടു ചേർന്നുള്ള തളത്തിൽ നാഗപത്മക്കളം വരച്ചു കഴിയുമ്പോൾ വലിയമ്മ സാവിത്രി അന്തർജനം ക്ഷേത്രത്തിലേക്ക് എത്തും. ഇളയമ്മയും മറ്റ് കാരണവന്മാരും ഇവർക്ക് അകമ്പടിയേകും.
തുടർന്ന് ശ്രീകോവിലിൽ പ്രവേശിച്ച് വലിയമ്മ പൂജകൾ നിർവഹിക്കും. വലിയമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും, ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയുടെ വിഗ്രഹവും, കാരണവന്മാർ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ വിഗ്രഹങ്ങളും ഏറ്റെടുത്ത് ക്ഷേത്രത്തിനു വലം വെച്ച് ഇല്ലത്തേക്ക് നീങ്ങുന്നതാണ് ആയില്യം എഴുന്നള്ളത്ത്.
ഇതിനു ശേഷം വലിയമ്മയുടെ കാർമികത്വത്തിൽ ആയില്യം പൂജയും, തുടർന്ന് നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറും പാലും എന്നിവയും നടക്കും. മണ്ണാറശാല നാഗരാജ പുരസ്കാര സമർപ്പണം നാളെ മണ്ണാറശാല നാഗരാജ ക്ഷേത്രം ഏർപ്പെടുത്തിയിട്ടുള്ള പന്ത്രണ്ടാമത് മണ്ണാറശാല നാഗരാജ പുരസ്കാരങ്ങൾ നാളെ സമ്മാനിക്കും.
ഗീതം, വാദ്യം, നൃത്തം, നാട്യം എന്നീ നാല് വിഭാഗങ്ങളിലായി 50,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായവരാണ് പുരസ്കാരത്തിന് അർഹരായിട്ടുള്ളത്.
ഗീതത്തിനുള്ള പുരസ്കാരം നെടുമങ്ങാട് ശിവാനന്ദനാണ് ലഭിച്ചത്. കേരളത്തിലെ പ്രമുഖ വയലിൻ വാദകരുടെ ഗുരുസ്ഥാനീയനായ ഇദ്ദേഹത്തിന് 2000-ൽ കേരള സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.
വാദ്യത്തിനുള്ള പുരസ്കാരം പാറശാല രവിക്ക് സമ്മാനിക്കും. കേരള സംഗീത നാടക അക്കാദമി അവാർഡും ഫെലോഷിപ്പും നേടിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
നൃത്തത്തിനുള്ള പുരസ്കാരം നേടിയ കലാമണ്ഡലം സുമതിക്ക് കേരള കലാമണ്ഡലം അവാർഡും സംഗീത നാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. നാട്യത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ കലാമണ്ഡലം ഗിരിജ കേരള സംഗീത നാടക അക്കാദമി അവാർഡ്, കലാമണ്ഡലം അവാർഡ്, കലാസാഗർ തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
നാളെ വൈകിട്ട് 3.30-ന് നടക്കുന്ന പുരസ്കാര സമർപ്പണ സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. മുതിർന്ന കുടുംബാംഗം എം.ജി.ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
നഗരസഭാധ്യക്ഷ വൃന്ദ എസ്.കുമാർ സമാദരണം നടത്തും. കുടുംബ കാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരി, ഇളയ കാരണവർ എം.കെ.കേശവൻ നമ്പൂതിരി എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിക്കും.
മുതിർന്ന കുടുംബാംഗം എം.എസ്.വാസവൻ ചടങ്ങിൽ പ്രശംസാപത്ര സമർപ്പണം നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

