കൊല്ലം ജില്ലയിലെ കിഴക്കൻ വനമേഖലയിലെ പ്രകൃതി സൗന്ദര്യം കൊണ്ട് ശ്രദ്ധേയമായ കുടുക്കത്തുപാറ സഞ്ചാരികൾക്ക് സവിശേഷമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ചണ്ണപ്പേട്ട
ആനക്കുളം വനമേഖലയിൽ സമുദ്രനിരപ്പിൽ നിന്നും തലയുയർത്തി നിൽക്കുന്ന 800 അടി ഉയരമുള്ള ഈ മലനിരയുടെ ഭൂരിഭാഗവും ഇപ്പോൾ നടന്നു കയറാൻ സാധിക്കും. ഇതിന്റെ ഭാഗമായി ഇക്കോ ടൂറിസം പദ്ധതിയുടെ കീഴിൽ 360 പടവുകൾ ഇവിടെ നിർമ്മിച്ചിട്ടുണ്ട്.
പാറമുകളിലേക്ക് എത്തിയാൽ പ്രകൃതിയുടെ മനോഹരമായ ആകാശക്കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തെക്കുഭാഗത്ത് പാലോട് പൊന്മുടി കുന്നുകളും, കിഴക്കുഭാഗത്ത് സഹ്യപർവതനിരകളും ഇവിടെനിന്നു വ്യക്തമായി കാണാൻ സാധിക്കും.
കൂടാതെ, പടിഞ്ഞാറ് ചടയമംഗലം ജടായുപ്പാറ, മലമേൽ ഇരുമ്പൂഴിക്കുന്ന് എന്നിവയും പുനലൂരിന് സമീപമുള്ള കുര്യോട്ടുമല ഫാം പ്രദേശവും മീനാട് കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന വട്ടമൺ പനങ്കുറ്റി ഭാഗവും ഇവിടുത്തെ ദൃശ്യവിരുന്നിൽ ഉൾപ്പെടുന്നു. സമീപ നഗരമായ അഞ്ചലിൽ നിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.
തിരുവനന്തപുരം–തെന്മല–തെങ്കാശി പാതയിലെ ഓന്തുപച്ച വഴി വരുമ്പോൾ ഇവിടേക്കുള്ള ദൂരം വെറും 7 കിലോമീറ്റർ മാത്രമാണ്. പണ്ടുമുതലേ സാഹസിക യാത്രാപ്രേമികളുടെ ഇഷ്ടകേന്ദ്രമായ ഈ മേഖലയിൽ വനം വകുപ്പ് പ്രഖ്യാപിച്ച ടൂറിസം പദ്ധതികൾ ഇനിയും പൂർണ്ണതോതിൽ നടപ്പിലാകാത്തത് വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഇവിടെ എത്തുന്നവർക്കായി താമസസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഭക്ഷണവും മറ്റും സന്ദർശകർ തന്നെ കരുതേണ്ടതുണ്ട്. കൂടാതെ, പ്രദേശത്ത് ആവശ്യത്തിന് ശുചിമുറി സൗകര്യങ്ങൾ ഇല്ലാത്തതും വലിയ തോതിൽ പരാതിക്ക് ഇടയാക്കുന്നുണ്ട്.
30 രൂപയാണ് ഇവിടുത്തെ പ്രവേശന ഫീസ്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
എങ്കിലും, മഴക്കാലത്ത് സുരക്ഷ മുൻനിർത്തി ഇവിടേക്കുള്ള യാത്രകൾ ഒഴിവാക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

