ഡൽഹിയിലെ വോട്ടർപട്ടിക പരിഷ്കരണ നടപടികൾ സംബന്ധിച്ച അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റം വരുത്തി. പുതുക്കിയ തീരുമാനപ്രകാരം 2026 ഡിസംബർ 22-നായിരിക്കും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക.
ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് സമയക്രമം പുനഃക്രമീകരിച്ചുകൊണ്ട് കമ്മീഷൻ ഉത്തരവിറക്കിയത്. നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി നവംബർ 30-നായിരുന്നു അവസാനിച്ചിരുന്നത്.
എന്നാൽ വോട്ടർമാരുടെ പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിൻപ്രകാരം, കരട് പട്ടികയിന്മേലുള്ള പരാതികളും എതിർപ്പുകളും തീർപ്പാക്കുന്നതിനായി ഡിസംബർ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.
1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ട്രോഴ്സ് റൂൾസിലെ റൂൾ 12 പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് കമ്മീഷൻ ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. കമ്മീഷൻ അണ്ടർ സെക്രട്ടറി സന്ദീപ് കുമാർ, സെക്രട്ടറി പവൻ ദി വാൻ എന്നിവർ ഒപ്പുവെച്ച ഉത്തരവ് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർക്കും ചീഫ് സെക്രട്ടറിക്കും കൈമാറി.
ഈ വർഷം ഓഗസ്റ്റ് 31-നാണ് വോട്ടർപട്ടികയുടെ കരട് പതിപ്പ് പുറത്തിറക്കിയത്. ഡൽഹിക്ക് പുറമെ, മഹാരാഷ്ട്ര, തെലങ്കാന ഉൾപ്പെടെയുള്ള 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടിക പുതുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.
ഇതിൽ മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലെ അന്തിമ പ്രസിദ്ധീകരണം നവംബർ 30-ലേക്ക് നീട്ടിയതായും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

