കായികമേളകളില്‍ തിളങ്ങുന്ന മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ കഷ്ടപ്പാടുകള്‍ക്കിടയിലും വലിയ തീരുമാനമെടുത്തിരിക്കുകയാണ് തൃശൂർ നാട്ടികയിലെ ഓട്ടോ തൊഴിലാളിയായ മനോജ്ഉം ഭാര്യ രശ്മിയും. മക്കളുടെ പരിശീലന സൗകര്യം മുന്‍നിര്‍ത്തിയാണ് വഴക്കുംപാറയില്‍ നിന്ന് നാട്ടികയിലെ വാടകവീട്ടിലേക്ക് കുടുംബം താമസം മാറ്റിയത്.
മാതാപിതാക്കളുടെ ഈ കഠിനാധ്വാനത്തിന് ഇരട്ട സ്വര്‍ണനേട്ടത്തിലൂടെയാണ് പെണ്മക്കള് മറുപടി നല്‍കിയിരിക്കുന്നത്.
സംസ്ഥാന കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില് വി എം അശ്വതിയും സബ് ജൂനിയര്‍ ഡിസ്കസ് ത്രോയില്‍ വി എം ആരതിയും സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി. പുലര്‍ച്ചെ മൂന്നിന് വീട്ടില്‍ നിന്നിറങ്ങി പരിശീലനത്തിനായി കിലോമീറ്ററുകള്‍ താണ്ടിയിരുന്ന കഷ്ടപ്പാടുകളാണ് ഒടുവില്‍ ഈ സുവര്‍ണനേട്ടത്തിലേക്ക് വഴിതുറന്നത്.
രാവിലെ അഞ്ചുമുതല്‍ ഏഴുവരെയായിരുന്നു പരിശീലന സമയം. ആദ്യം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് പരിശീലന സ്ഥലത്ത് എത്താന്‍ ഏകദേശം അമ്പത് കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിയിരുന്നു.
പുലര്‍ച്ചെ എഴുന്നേല്ക്കുന്നതും ദീര്‍ഘദൂര യാത്രയും കുട്ടികളുടെ ആരോഗ്യത്തെയും ബാധിച്ചിരുന്നു. ഈ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും മാതാപിതാക്കള്‍ വാടക വീട് തരപ്പെടുത്തി പരിശീലനത്തിനുള്ള സൗകര്യമൊരുക്കി നല്‍കിയതിന് അശ്വതിയും ആരതിയും നല്കിയ മികച്ച സമ്മാനമാണിത്.
തൃശൂർ ഗവ. ഫിഷറീസ് എച്ച് എസ് എസ് നാട്ടികയിലെ വിദ്യാര്‍ഥികളായ ഈ സഹോദരിമാര്‍, ദേശീയ തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ആന്‍സി സോജന്ന്റെ പരിശീലകനായ കണ്ണന്‍ന്റെ കീഴിലാണ് പരിശീലനം നേടുന്നത്.
ലോംഗ്ജംപില് 5.67 മീറ്റർ ദൂരം ചാടിയാണ് അശ്വതി ഒന്നാമതായത്. 2022 മുതല്‍ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്ന അശ്വതി ആദ്യ സംസ്ഥാന കായിക മേളയില്‍ തന്നെ ലോംഗ്ജംപിലും 100 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണവും 100 മീറ്ററില്‍ വെങ്കലവും നേടിയിരുന്നു.
2024 ലും 2025ലും ലോംഗ്ജംപില് വെങ്കലമാണ് ലഭിച്ചത്. ഇത്തവണ ചെന്നൈയില്‍ നടന്ന ദേശീയ ലോംഗ് ജംമ്പ് മത്സരത്തില്‍ 5.57 മീറ്റർ ചാടി അഞ്ചാം സ്ഥാനം നേടിയിരുന്നു അശ്വതി.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ആരതി കഴിഞ്ഞ വര്‍ഷം സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തെങ്കിലും മെഡലൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ, ആദ്യ മത്സരത്തില്‍ തന്നെ സ്വര്‍ണം നേടിക്കൊണ്ട് ആരതി തന്റെ മികവ് തെളിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

