വിദ്യാർത്ഥികളുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നിലനിന്നിരുന്ന സമരം ഔദ്യോഗികമായി അവസാനിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ സർവകലാശാല അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
2027 മെയ് 15 നകം ജാമിയയിലെ വിദ്യാർത്ഥി യൂണിയൻ ഭരണഘടനയുടെ അംഗീകാരവും നടപ്പാക്കലും പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന് ശേഷം മാത്രമായിരിക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക.
അടുത്ത വർഷത്തെ അധ്യയന വർഷം ആരംഭിച്ച് 6 ആഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് നടത്താൻ ധാരണയായിട്ടുണ്ട്. അതായത് 2027 ജൂലൈ 16 ന് ശേഷം വരുന്ന ആറ് ആഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് നടക്കും.
സമരത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കെതിരെ എടുത്ത എല്ലാ അച്ചടക്ക നടപടികളും പൂർണ്ണമായി പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് വൈകിട്ട് എംപിയായ ഹാരിസ് ബീരാൻന്റെ നേതൃത്വത്തിൽ നടന്ന നിർണായക സമവായ ചർച്ചയ്ക്ക് പിന്നാലെയാണ് ഈ തീരുമാനമുണ്ടായത്.
സർവകലാശാല വൈസ് ചാൻസിലർ നേരിട്ട് സമര പന്തലിലെത്തിയാണ് വിദ്യാർത്ഥികളെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിരാഹാര സമരം അടക്കമുള്ള എല്ലാ പ്രതിഷേധങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സർവ്വകലാശാല രജിസ്ട്രാർ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
നീണ്ട രണ്ട് പതിറ്റാണ്ടത്തെ ഇടവേള
2006 ലാണ് ജാമിയ മില്ലിയ സർവകലാശാലയിൽ അവസാനമായി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്.
അന്ന് കാമ്പസിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അധികൃതർ കഴിഞ്ഞ 20 വർഷമായി യൂണിയൻ തെരഞ്ഞെടുപ്പ് നടപടികൾ പൂർണ്ണമായി നിർത്തലാക്കിയിരുന്നത്. ഈ ദീർഘകാല നിരോധനം നീക്കണമെന്നും വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ നിരാഹാര സമരം ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നത്.
സമരത്തിനിടെ വിദ്യാർത്ഥികളെ സർവ്വകലാശാല സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാമ്പസിന് പുറത്തേക്ക് വലിച്ചിഴച്ച് മാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചീഫ് പ്രോക്ടറുടെയും സുരക്ഷാ ഉപദേഷ്ടാവിന്റെയും നേതൃത്വത്തിൽ അറുപതോളം സെക്യൂരിറ്റി ജീവനക്കാർ സ്ഥലത്തെത്തി സമരക്കാരുടെ കിടക്കകളും പന്തലുകളും ബലമായി നീക്കം ചെയ്യുകയുണ്ടായി.
ഇതിന് പിന്നാലെ പോലീസ് നടപടികളും കാമ്പസിൽ അരങ്ങേറി. പോലീസ് നടപടിയെത്തുടർന്ന് എൻ എസ് യു ഐ, ഐസ, ജെ എൻ യു എസ് യു തുടങ്ങിയ വിവിധ വിദ്യാർഥി സംഘടനകൾ സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തു വന്നു.
പ്രക്ഷോഭം കൂടുതൽ ശക്തമായ സാഹചര്യത്തിലാണ് വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കുന്ന വിഷയം ചർച്ച ചെയ്യാൻ സർവകലാശാല ഉന്നത സമിതിയെ നിയോഗിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

