2028-29 ഓടുകൂടി കമ്പനിയെ പ്രവർത്തന ലാഭത്തിലാക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് റിവർ മൊബിലിറ്റി സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് മണി വ്യക്തമാക്കി. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ബിസിനസ് സമ്മിറ്റിൽ ‘ഡ്രൈവിങ് ഇവി ഇറ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി സീരീസ് ഫണ്ടിങ് വഴി ലഭ്യമായ ഏകദേശം 120 മില്യൺ ഡോളർ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായാണ് പ്രധാനമായും വിനിയോഗിക്കുന്നത്. നിർമ്മാണ രംഗത്ത് വൻ മുന്നേറ്റമാണ് കമ്പനി ലക്ഷ്യമിടുന്നത്.
2028-29 ആകുമ്പോഴേക്കും വാർഷിക ഉൽപ്പാദനം 20,000-നും 25,000-നും ഇടയിൽ യൂണിറ്റുകളായി ഉയർത്താനാണ് പദ്ധതി. ഇതോടെ കമ്പനി സുസ്ഥിരമായ ലാഭത്തിലേക്ക് ചുവടുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനുപുറമെ, ഭാവിയിലെ ധനസമാഹരണത്തിന്റെ ഭാഗമായി പ്രാരംഘ ഓഹരി വിപണി പ്രവേശനവും (IPO) കമ്പനിയുടെ പരിഗണനയിലുണ്ട്. അടുത്ത വർഷത്തോടെ വിപണിയിലേക്ക് പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സ്കൂട്ടർ വിഭാഗത്തിൽ മാത്രമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉയർന്ന റേഞ്ച് നൽകാൻ സാധിച്ചാൽ മാത്രമേ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ നിർമ്മാണത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ.
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പ്രതിമാസം 8,000 യൂണിറ്റ് വാഹനങ്ങളാണ് റിവർ വിപണിയിൽ വിറ്റഴിക്കുന്നത്.
ഇന്ത്യയിലെ ഏഴാമത്തെ വലിയ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായി മാറാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. നിലവിലുള്ള മാസവരുമാനം 120 കോടി രൂപയാണ്.
വിപണിയിൽ 3 ശതമാനം സാന്നിധ്യമാണ് കമ്പനിക്കുള്ളത്. വിപണിയിലെ ആദ്യ ആറു സ്ഥാനങ്ങളിലുള്ള കമ്പനികൾക്ക് മൂന്നിലധികം ഉൽപ്പന്നങ്ങളും അഞ്ഞൂറിലധികം ഷോറൂമുകളും ഉള്ളപ്പോഴാണ്, ഒറ്റ ഉൽപ്പന്നവും നൂറ് ഷോറൂമുകളും മാത്രം ഉപയോഗിച്ച് റിവർ ഈ നേട്ടം കൈവരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്മിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമൻ നിർവഹിച്ചു.
ചടങ്ങിൽ മാർസിലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും സിഐഒയുമായ സൗരഭ് മുഖർജി മുഖ്യപ്രഭാഷണം നടത്തി. അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എംഡി തോമസ് ജോൺ, വിഎസ്ടി ടില്ലേഴ്സ് സിഇഒ ആന്റണി ചെറുകര, മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ.മത്തായി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ച് തങ്ങളുടെ അനുഭവസമ്പത്തും വിലയേറിയ അറിവുകളും പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

