സ്മാർട്ട്ഫോൺ ഉപയോഗത്തിൽ ഒഴിച്ചുകൂടാനാവാത്ത ആപ്പുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഗൂഗിൾ വാലറ്റ് (Google Wallet). ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, തിരിച്ചറിയൽ രേഖകൾ, യാത്രാ പാസുകൾ എന്നിവയെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്ന ഈ ആപ്പിൽ പുതിയൊരു മാറ്റത്തിന് കളമൊരുങ്ങുന്നതായി സൂചന.
ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ടാപ് ആൻഡ് പേ (Tap to Pay) ഉപയോഗിക്കുമ്പോൾ സുരക്ഷാ പരിശോധനകൾ ഒഴിവാക്കാനുള്ള സംവിധാനത്തെക്കുറിച്ചാണ് കമ്പനി ആലോചിക്കുന്നത്. ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ വാലറ്റ് ആപ്പിന്റെ കോഡിംഗിലാണ് ഇത് സംബന്ധിച്ച സൂചനകൾ കണ്ടെത്തിയത്.
നിലവിൽ ടാപ് ആൻഡ് പേ വഴി പണം നൽകണമെങ്കിൽ പിൻ നമ്പർ, പാറ്റേൺ, പാസ്വേർഡ് അല്ലെങ്കിൽ ക്ലാസ് 3 ബയോമെട്രിക് അൺലോക്ക് എന്നിവ നിർബന്ധമാണ്. എന്നാൽ പുതിയ മാറ്റം വരുന്നതോടെ ഉപയോക്താക്കൾക്ക് ഈ വെരിഫിക്കേഷൻ ഒഴിവാക്കാൻ സാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒന്നിനുപുറകെ ഒന്നായി നിരവധി ഇടപാടുകൾ വേഗത്തിൽ നടത്തേണ്ടി വരുന്നവർക്ക് ഈ ഫീച്ചർ ഏറെ സഹായകരമാകും. നിലവിൽ ട്രാൻസിറ്റ് കാർഡുകളിൽ വെരിഫിക്കേഷൻ ഒഴിവാക്കാനുള്ള സൗകര്യം ലഭ്യമാണ്.
ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുമ്പോൾ ഫോൺ സ്കാൻ ചെയ്ത് പെട്ടെന്ന് തന്നെ യാത്ര തുടരാൻ ഇത് സഹായിക്കുന്നുണ്ട്. ഇതേ മാതൃകയിലാകും പേയ്മെന്റ് കാർഡുകളിലെ പുതിയ മാറ്റവും നടപ്പിലാക്കുകയെന്നാണ് കരുതുന്നത്.
എന്നാൽ ഈ സൗകര്യം സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അജ്ഞാതർ സ്കാനറുകൾ ഉപയോഗിച്ച് രഹസ്യമായി പണം തട്ടിയെടുക്കുന്ന ‘ഗോസ്റ്റ് ടാപ്പിംഗ്’ (Ghost Tapping) പോലുള്ള തട്ടിപ്പുകൾ തടയാൻ നിലവിലെ വെരിഫിക്കേഷൻ സംവിധാനങ്ങൾ സഹായിക്കുന്നുണ്ട്.
അതിനാൽ പുതിയ ഫീച്ചർ പൂർണ്ണമായി നടപ്പിലാക്കുമ്പോൾ ചെറിയ തുകയ്ക്കുള്ള ഇടപാടുകൾക്ക് മാത്രം വെരിഫിക്കേഷൻ ഒഴിവാക്കാനുള്ള പരിധി ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

