രഹസ്യ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 22ന് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കേണ്ടി വരുന്ന സാഹചര്യം കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ വിവരാവകാശ നിയമം സെക്ഷന്‍ 24 പ്രകാരം വിവരം നല്കുന്നതില്നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ 2025 ജനുവരി 11നാണ് ശുപാര്‍ശ നല്‍കിയത്.
ഇതിന്മേലുള്ള തുടര്‍നടപടികളുടെ ഭാഗമായാണ് കോണ്‍ഫിഡന്‍ഷ്യല്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി 2026 ഒക്ടോബര്‍ 22-ന് ഗസറ്റ് വിഞ്ജാപനം പുറപ്പെടുവിച്ചത്. വിജിലന്‍സ് ആസ്ഥാനത്ത് വിവിധ അന്വേഷണങ്ങള്‍, പരാതികള്‍, പ്രാഥമിക അന്വേഷണങ്ങള്‍, വിജിലന്‍സ് കേസുകള്‍, സ്ഥാപനവുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന 52 സെക്ഷനുകളാണുള്ളത്. ഈ സെക്ഷനുകളെല്ലാം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്.
ടി സെക്ഷൻ (ടോപ്പ് സീക്രട്ട് സെക്ഷൻ) വിജിലന്‍സിലെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളുടെയും രേഖകളുടെയും പരിപാലനവും കൈകാര്യം ചെയ്യലും ഉള്‍പ്പെടെയുള്ള നിര്‍ണായക ചുമതലകള്‍ നിര്‍വഹിക്കുന്ന വിഭാഗമാണ്.
നിലവില്‍, ഭരണപരമായ സൗകര്യവും കൈകാര്യം ചെയ്യുന്ന ഫയലുകളുടെ സ്വഭാവവും പരിഗണിച്ച്, ടി സെക്ഷനെ ടി1, ടി2 എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ടി1 സെക്ഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട
രഹസ്യവിവരങ്ങള്‍, മിന്നല്‍ പരിശോധനകള്‍, ഉദ്യോഗസ്ഥരുടെ വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടുകള്‍, VACB-യിലെ എല്ലാ എക്സിക്യൂട്ടീവ് ജീവനക്കാരുടെയും വ്യക്തിഗത ഫയലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
ടി2 സെക്ഷന്‍ രഹസ്യാത്മകമായ പരാതിപരിശോധനകള്, രഹസ്യാന്വേഷണങ്ങള്‍, സംസ്ഥാനത്തിന്റെ സമാധാനത്തെയും സുരക്ഷയെയും പൊതുവെ ബാധിക്കുന്ന സ്വഭാവമുള്ള സെന്‍സിറ്റീവ് കേസുകളിലെ അന്വേഷണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് കൈകാര്യം ചെയ്യുന്നത്.
വിജിലന്‍സ് രഹസ്യാന്വേഷണ വിഭാഗം തയാറാക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സോഴ്സ് റിപ്പോര്‍ട്ടുകള്‍, അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങള്‍, അവയുമായി ബന്ധപ്പെട്ട
ഫയലുകള്‍, രഹസ്യാത്മകപരിശോധനകളുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ വിജിലന്‍സ് ആസ്ഥാനത്ത് ടി സെക്ഷന്‍ മുഖേനയാണ് കൈകാര്യം ചെയ്യുന്നത്.
ഇവിടെ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങളാണ് വിജിലന്‍സ് മിന്നല്‍ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള അഴിമതി വിരുദ്ധ നടപടികള്‍ ആരംഭിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും അടിസ്ഥാനമാകുന്നത്. രഹസ്യാത്മക പരിശോധനകളുമായി ബന്ധപ്പെട്ട
ഫയലുകളും റിപ്പോര്‍ട്ടുകളും ടി സെക്ഷന്‍ മുഖേനയാണ് കൈകാര്യം ചെയ്യുന്നത്. ബ്യൂറോയുടെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, ഏകോപനം, നിര്‍വഹണം എന്നിവയില്‍ നിര്‍ണായക പങ്കാണ് ടി സെക്ഷന്‍ വഹിക്കുന്നത്.
എന്തുകൊണ്ട് രഹസ്യമാക്കുന്നു? ടി സെക്ഷനില്‍ കൈകാര്യം ചെയ്യുന്ന ഫയലുകളില്‍ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്കുന്ന വ്യക്തികളുടെ വിശദാംശങ്ങള്‍, സോഴ്സ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍, അത്തരം വിവരങ്ങളുടെ ഉറവിടങ്ങള്‍, രഹസ്യാന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍, നിര്‍ദിഷ്ട
വിജിലന്‍സ് നടപടികളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ബ്യൂറോയുടെ അന്വേഷണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിനും വിവരദാതാക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ വിവരങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നത് വിവരദാതാക്കള്‍ക്ക് ഭീഷണിയുണ്ടാകുന്നതിനും രഹസ്യവിവരങ്ങളുടെ ഉറവിടം വെളിപ്പെടുന്നതിനും അന്വേഷണവിധേയരായ വ്യക്തികള്‍ക്ക് വിജിലന്‍സ് നടപടികളെക്കുറിച്ച് മുന്‍കൂട്ടി അറിവ് ലഭിക്കുന്നതിനും ഇടയാക്കാം.
ഇത് മിന്നല്‍ പരിശോധനകള്‍, രഹസ്യാത്മക പരിശോധനകള്‍ തുടങ്ങിയ നടപടികളുടെ രഹസ്യസ്വഭാവത്തെയും ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിച്ചേക്കാം. അതിനാല്‍, ഇത്തരം വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അധികൃതര്‍ പറയുന്നു.
സിബിഐക്കു പകരം വിജിലന്‍സ്? ഡല്‍ഹി സ്പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ സെക്ഷന്‍ 6 പ്രകാരമുള്ള പൊതുസമ്മതം കേരള സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുള്ളതിനാല്‍, സംസ്ഥാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധം, ശാസ്ത്ര ഗവേഷണം, ബഹിരാകാശ ഗവേഷണം തുടങ്ങി എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളേയും സംബന്ധിച്ച അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സിബിഐയ്ക്ക് പകരമായി വിജിലന്‍സിന്റെ പ്രവര്‍ത്തനപരിധിയും വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട
അഴിമതി ആരോപണങ്ങളില്‍ നടത്തുന്ന വിജിലന്‍സ് അന്വേഷണങ്ങളിലും പരിശോധനകളിലും ദേശീയ സുരക്ഷയെയും പരമാധികാരത്തെയും സാരമായി ബാധിക്കാവുന്ന അതീവ രഹസ്യസ്വഭാവമുളള വിവരങ്ങള്‍ ഉള്‍പ്പെട്ടേക്കാം. അണക്കെട്ടുകളുടെ നിര്‍മാണം, ആയുധങ്ങളുടെ സംഭരണം, ഡാറ്റാ സെന്ററുകളുടെ സ്ഥാപനം, ബഹിരാകാശ ഗവേഷണം, നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളുടെ സംഭരണം, സുരക്ഷാ ആവശ്യങ്ങള്‍ക്കുള്ള ഡ്രോണുകള്‍, വിവിധ സുരക്ഷാ ആവശ്യങ്ങള്‍ക്കായുള്ള സോഫ്റ്റ് വെയര്‍, രഹസ്യവിവര ശേഖരണ സംവിധാനങ്ങള്‍ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
അതിനാല്‍, ദേശീയ സുരക്ഷയുടെ താല്പര്യം മുന്‍നിര്‍ത്തി ഇത്തരം ഫയലുകള്‍ രഹസ്യസ്വഭാവമുള്ളവയായി പരിഗണിക്കുകയും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തുന്നതില്‍നിന്ന് ഒഴിവാക്കേണ്ടത് ആവശ്യമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജൻസികള്‍ക്ക് വിവരാവകാശ നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നുണ്ട്.
എന്നാല്‍, അഴിമതിയുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ളതും സുപ്രധാനവുമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന വിജിലന്‍സ് ആസ്ഥാനത്തെ ടി സെക്ഷന്‍ പ്രസ്തുത നിയമപ്രകാരം സമാനമായ സംരക്ഷണം ലഭ്യമായിരുന്നില്ല.
അതിനാല്‍ അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളുടെയും അവയുടെ ഉറവിടങ്ങളുടെയും രഹസ്യസ്വഭാവം ആവശ്യമായ രീതിയില്‍ സംരക്ഷിക്കുന്നതില്‍ ബ്യൂറോയ്ക്ക് പരിമിതികള്‍ നേരിടേണ്ടിവരുന്നു.
ഈ സാഹചര്യത്തിലാണ് ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്തൊക്കെ വിവരങ്ങള്‍ ലഭിക്കും സുപ്രീം കോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും നിര്‍ദേശപ്രകാരവും, വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24(4) അടിസ്ഥാനമാക്കിയും, അഴിമതി ആരോപണങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട
വിവരങ്ങളെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ല. ഒരു വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്താലുടന്‍, ആയതുമായി ബന്ധപ്പെട്ട
രഹസ്യ സ്വഭാവമുളള നടപടികള്‍ (സെര്‍ച്ച്, ലോക്കര്‍ ഓപ്പറേഷന്, ട്രാപ്പ് തുടങ്ങിയവ) ശേഷിക്കുന്നില്ലെങ്കില്‍ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. അതുപോലെ, അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് ബന്ധപ്പെട്ട
കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍, നിലവിലുള്ള നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി, ആ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കോടതിയില്‍ നിന്ന് നേടാം. വിവരാവകാശ നിയമത്തിലെ വകുപ്പ് 4 പ്രകാരമുള്ള സ്വമേധയാ വിവരങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട
ബാധ്യതയുടെ ഭാഗമായി, വിജിലന്‍സ് റജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെയും പ്രഥമ വിവര റിപ്പോര്‍ട്ടുകളും മറ്റ് വിവരങ്ങളും, എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്ന തീയതിയില്‍ത്തന്നെ, മറ്റ് രഹസ്യ സ്വഭാവമുളള നടപടികള്‍ ശേഷിക്കുന്നില്ലെങ്കില്‍, ബ്യൂറോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാക്കും. ടി1, ടി2 സെക്ഷനുകളുടെ കീഴില്‍ വരാത്ത വിജിലന്‍സ് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനു ശേഷം വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
ഈ വിഭാഗങ്ങളില്‍ ഉള്പ്പെടുന്നവയാണെങ്കില് പോലും, അന്വേഷണം അതീവ രഹസ്യസ്വഭാവമുള്ളതോ സുരക്ഷാപ്രാധാന്യമുള്ളതോ അല്ലാത്ത പക്ഷം, വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ അനുവാദമുള്ള രേഖകള്‍ അപേക്ഷകര്‍ക്ക് നല്‍കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

