സമരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പൊലീസ് നൽകിയ നോട്ടിസിലെ സമയപരിധി നവംബർ 2 വരെ നീട്ടി. പൊലീസ് നിർദേശത്തിനെതിരെ നടൻ നൽകിയ ഹർജിയിൽ തുടർ വാദം കേൾക്കുന്നത് ഇന്ന് നവംബർ 2 ലേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് ഈ നടപടി.
അടുത്ത വാദം കേൾക്കുന്നതുവരെയാണ് നോട്ടിസിന്റെ കാലാവധി നീട്ടിയിട്ടുള്ളത്. മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് സൂപ്പർതാരം ആമിർ ഖാന്റെ അനന്തരവനും നടനുമായ ഇമ്രാൻ ഖാനോട് ഒക്ടോബർ 28 നകം രാജ്യം വിടാൻ മുംബൈ പൊലീസ് നിർദേശിച്ചത്.
സമരത്തിൽ പങ്കെടുത്ത ഇമ്രാൻ ഖാന് പൂർണ ഇന്ത്യൻ പൗരത്വമില്ലെന്നാണ് പൊലീസ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. യുഎസ് പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുമാണ് താരത്തിനുള്ളത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10 ന് മുംബൈയിൽ നടന്ന പ്രതിഷേധത്തിലാണ് നടൻ പങ്കെടുത്തത്. ഇമ്രാൻ ഖാനൊപ്പം പങ്കാളിയും നടിയുമായ ലേഖയും ബന്ധു സെയ്ൻ മരീ ഖാനും സമരത്തിൽ ഒപ്പമുണ്ടായിരുന്നു.
പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. എന്നാൽ ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തതിന് കുടിയേറ്റ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇമ്രാൻ ഖാനെതിരെ നടപടിയെടുത്തതായി മുംബൈ പൊലീസ് അറിയിക്കുകയുണ്ടായി.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാരിന്റെ മറുപടി കൂടി കേൾക്കണമെന്ന് കോടതി അഭിപ്രായപ്പെടുകയായിരുന്നു. തുടർന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് ഓൺലൈനായി ഹാജരാകാൻ സമയം അനുവദിച്ചുകൊണ്ടാണ് കോടതി കേസ് നവംബർ 2 ലേക്ക് മാറ്റിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

