തലസ്ഥാനത്തെ കഴക്കൂട്ടം എയർപോർട്ട് റോഡ് മേൽപ്പാലത്തിലൂടെ കൊച്ചുകുട്ടിയെ മടിയിലിരുത്തി സ്റ്റിയറിങ് പിടിപ്പിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച സംഭവത്തിൽ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് രംഗത്ത്. വള്ളക്കടവ് സ്വദേശിയായ സൈനലുബ്ദീൻ ആണ് അപകടകരമായ രീതിയിൽ കാറോടിച്ചത്.
ഇദ്ദേഹത്തിന്റെ ലൈസൻസ് പൂർണ്ണമായി സസ്പെൻഡ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആർടി ഓഫിസിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സൈനലുബ്ദീന് ഇതിനോടകം നോട്ടിസ് നൽകിയിട്ടുണ്ട്.
യാത്രയ്ക്കിടെ കുട്ടി കരഞ്ഞതുമൂലമാണ് മടിയിൽ എടുത്തു വെക്കേണ്ടി വന്നതെന്നാണ് സൈനലുബ്ദീൻ നൽകിയ വിശദീകരണം. എന്നാൽ ഈ വാദം യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കഴക്കൂട്ടം ജോയിന്റ് ആർടിഒ ഡി.കെ.സുദീപ് വ്യക്തമാക്കി.
വാഹനം ഓടിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ പൂർണ്ണമായും റോഡിലായിരിക്കണമെന്നും മറ്റു കാര്യങ്ങളിൽ ശ്രദ്ധ തിരിക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുഞ്ഞിനെ മടിയിലിരുത്തിയത് വഴി വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്.
പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ കുഞ്ഞ് മുന്നോട്ടാഞ്ഞ് സ്റ്റിയറിങ്ങിൽ അമരാൻ സാധ്യതയുണ്ട്. കൂടാതെ കുഞ്ഞ് താഴേക്ക് ഊർന്നുപോയാൽ വാഹനം നിയന്ത്രണം വിട്ട് മേൽപ്പാലത്തിൽനിന്ന് താഴേക്ക് പതിക്കാനുള്ള അപകടാവസ്ഥയും ഉണ്ടായിരുന്നുവെന്ന് ജോയിന്റ് ആർടിഒ വിശദീകരിച്ചു.
മൂന്നു വയസ്സുള്ള കുട്ടികളെ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പ്രത്യേകമായി സജ്ജീകരിച്ച സീറ്റ് ഉപയോഗിക്കണമെന്നാണ് നിയമമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഇന്ന് രാവിലെയാണ് കഴക്കൂട്ടം എയർപോർട്ട് റോഡ് മേൽപ്പാലത്തിലൂടെ സൈനലുബ്ദീൻ കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിച്ചത്.
പിന്നിൽ വന്ന മറ്റ് വാഹനയാത്രികർ നിരന്തരം ഹോൺ മുഴക്കുകയും കൈകാണിച്ചു മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടും ഇയാൾ ഇതൊന്നും ഗൗനിക്കാതെ വാഹനം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഈ സമയം ഇതുവഴി കാറിൽ സഞ്ചരിക്കുകയായിരുന്ന കൊല്ലം ഇളമ്പൽ സ്വദേശികളാണ് കാറിന്റെ നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്തകളിലും പ്രചരിച്ചതിനെ തുടർന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ വാഹനം കണ്ടെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തത്. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമേ, എടപ്പാളോ കൊല്ലത്തോ പ്രവർത്തിക്കുന്ന ഐഡിടിആർ കേന്ദ്രത്തിൽ മൂന്നു ദിവസത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കാനും സൈനലുബ്ദീന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

