കുവൈറ്റിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജേനയെത്തിയ അജ്ഞാതൻ ഇന്ത്യൻ പ്രവാസിയുടെ പഴ്സ് തട്ടിയെടുത്തതായി പരാതി. ഷർഖ് മേഖലയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.
പഴ്സിലുണ്ടായിരുന്ന 210 കുവൈത്ത് ദിനാറും സിവിൽ ഐഡിയും വിവിധ ബാങ്ക് കാർഡുകളുമാണ് നഷ്ടപ്പെട്ടത്. ഇതുസംബന്ധിച്ച് പ്രവാസി അധികാരികൾക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഷർഖിലെ വ്യവസായ മേഖലയ്ക്ക് സമീപം നിൽക്കുന്നതിനിടെയാണ് പ്രവാസിക്ക് നേരെ തട്ടിപ്പുണ്ടായത്. അപരിചിതനായ ഒരാൾ അടുത്തെത്തുകയും താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിക്കുകയുമായിരുന്നു.
താമസാനുമതിയുടെ സാധുത പരിശോധിക്കണമെന്ന വ്യാജേന ഇയാൾ സിവിൽ ഐഡി ആവശ്യപ്പെട്ടു. തുടർന്ന് രേഖകൾ പുറത്തെടുക്കാൻ പ്രവാസി പഴ്സ് തുറന്ന സമയത്ത് അജ്ഞാതൻ ഇത് തട്ടിപ്പറിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പബ്ലിക് പ്രോസിക്യൂട്ടറെ വിവരം ധരിപ്പിച്ചു. തുടർന്ന് കേസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസിന് കൈമാറുകയായിരുന്നു.
പ്രതിയെ എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് പിടികൂടുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥർ ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സമീപിക്കുന്ന അപരിചിതരുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക രേഖകൾ കൈമാറുന്നതിന് മുൻപ് തിരിച്ചറിയൽ കാർഡ് പരിശോധിക്കണമെന്നും അധികൃതർ പ്രവാസികൾക്ക് കർശന മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

