സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം ശക്തമാക്കി അധികൃതർ. ദുരന്തസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ട്രക്കിങ് പ്രവർത്തനങ്ങളും ഇന്ന് (ഒക്ടോബർ 25) പൂർണ്ണമായും നിരോധിച്ചതായി ജില്ലാ കളക്ടർ വി ചെൽസാസിനി ഉത്തരവിട്ടു.
അപകടസാധ്യതയുള്ള മേഖലകളിൽ കഴിയുന്നവരെ എത്രയും പെട്ടെന്ന് സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള അടിയന്തര നടപടികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കണമെന്ന് നിർദ്ദേശമുണ്ട്.
ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാത നിർമ്മാണ മേഖലയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, 2005 സെക്ഷൻ 51 (ബി) പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും. കൂടാതെ, റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അത്യാവശ്യ ഘട്ടങ്ങളിലല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും പൊതുജനങ്ങൾക്കായി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

