തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ ഗുരുതര വീഴ്ചയിൽ ഫാർമസിസ്റ്റിനെതിരെ നടപടി. സിഎച്ച്സിയിലെ ഫാർമസിസ്റ്റ് ഷിജിലയെയാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്.
മരുന്ന് മാറി കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ 27-കാരനായ യുവാവ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട് പൊലീസ് ഷിജിലക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടി ഉണ്ടായത്. ഓട്ടിസം ബാധിച്ച യുവാവ് ചികിത്സയ്ക്കായി ആരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായത്.
പതിവായി നൽകിവന്നിരുന്ന മരുന്നിന് പകരം മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള ഉയർന്ന ഡോസിലുള്ള മരുന്നാണ് ഇയാൾക്ക് നൽകിയത്. ഈ മരുന്ന് കഴിച്ചതിനെത്തുടർന്ന് യുവാവിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് മാറി നൽകിയ വിവരം അധികൃതർ തിരിച്ചറിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

