അധ്യാപകർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസിൽ സർവശിക്ഷ കേരള (എസ്.എസ്.കെ) കോഴിക്കോട് ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അബ്ദുൾ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അധ്യാപകരുടെ നിയമനം, പുനർനിയമനം, വിദേശയാത്ര എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുന്നത്.
പേരാമ്പ്ര ബിആർസിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിലാണ് എംഡിഎംഎ കേസിൽ പ്രതികളായ മൂന്ന് അധ്യാപികമാരും ജോലി ചെയ്തിരുന്നത്. കരാർ കാലാവധി അവസാനിച്ചതിനു ശേഷം ഇവരിൽ രണ്ടുപേരെ വീണ്ടും സർവീസിൽ എടുത്തതിൽ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അബ്ദുൾ ഹക്കീമിന് പങ്കുണ്ടെന്നാണ് പ്രധാന ആരോപണം.
പ്രതികളായ അധ്യാപകർക്ക് ഹക്കീമുമായി സാമ്പത്തിക ഇടപാടുകൾ വല്ലതുമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
പരാതിക്കാരനായ വി.പി ദുൽഖിഫിലിനെ വിളിപ്പിച്ച് മൊഴിയെടുത്തു. കേസിന്റെ ഭാഗമായി ബിആർസി ഓഫിസിലെ ഔദ്യോഗിക രേഖകൾ പരിശോധിക്കുകയും, അബ്ദുൾ ഹക്കീമിനെ ഉടൻ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
എംഡിഎംഎ കേസുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കോണിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

