ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിന് സമീപം വെടിവെപ്പിലുണ്ടായ ദാരുണ സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഈ ആക്രമണത്തിന് പിന്നിൽ തീവ്രവാദബന്ധം ഉണ്ടോ എന്ന സംശയത്തിൽ പ്രോസിക്യൂട്ടർമാരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ പത്തരയോടെ പാരീസിന് സമീപത്തെ ട്രാപ്പെസിലായിരുന്നു അക്രമണം അരങ്ങേറിയത്.
കാറിലെത്തിയാണ് അക്രമി ജനങ്ങൾക്ക് നേരെ വെടിയുതിർത്തത്. കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ തന്റെ കൺമുന്നിൽ കണ്ടവർക്ക് നേരെയെല്ലാം പ്രതി വെടിയുതിർക്കുകയായിരുന്നു എന്ന് ട്രാപ്പെസ് മേയർ അലി റബേഹ് വ്യക്തമാക്കി.
പരിക്കേറ്റവരിൽ 12 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. ഈ കുട്ടിക്ക് എട്ടുതവണ വെടിയേറ്റെങ്കിലും നിലവിൽ അപകടനില തരണം ചെയ്തതായി ലാ വെറീരെ മേയർ നിക്കോളാസ് ഡെയ്ൻവില്ലെ വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ടയാൾ ആഫ്രിക്കൻ വംശജനാണെന്ന് മേയർ അലി റബേഹ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ടുപേരും കുടിയേറ്റക്കാരാണ്.
ഇതിൽ ആഫ്രിക്കൻ വംശജനായ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പാരീസിലുണ്ടായ ഈ വെടിവെപ്പ് സംഭവം അതീവ ഗൗരവതരമാണെന്ന് ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു പ്രതികരിച്ചു.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാരീസിലെ വെടിവെപ്പിൽ രാജ്യം മുഴുവൻ ഇരകൾക്കൊപ്പമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അനുശോചനം രേഖപ്പെടുത്തി.
വിലക്കയറ്റവും ജീവിതച്ചെലവ് വർധിച്ചതും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഫ്രാൻസിൽ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടയാണ് ഈ വെടിവെപ്പുണ്ടായിരിക്കുന്നത്. ഫ്രാൻസിലെ പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും കാരണം കുടിയേറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
എന്നാൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ പ്രസ്താവനയെ ശക്തമായി തള്ളി രംഗത്തെത്തിയിരുന്നു. ചില വിദേശനേതാക്കൾ സ്വന്തം രാഷ്ട്രീയനേട്ടത്തിനായി ഫ്രാൻസിലെ നിലവിലെ സാഹചര്യങ്ങൾ ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെന്നാണ് ഇമ്മാനുവൽ മാക്രോൺ ഇതിന് മറുപടി നൽകിയത്.
ഫ്രാൻസിലെ പ്രശ്നങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റും അങ്ങേയറ്റം വിഡ്ഢിത്തം നിറഞ്ഞതുമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

