അമേരിക്കയിലെ അരിസോണയിൽ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റിയ 18 മാസം പ്രായമുള്ള കുഞ്ഞിനെ അഞ്ചര മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി. വിൻസെന്റ് ലോറൻസോ ഫിയോർഡിലിനോ എന്ന കുട്ടിയാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
2026 ഫെബ്രുവരി 8-ന് സൂപ്പർബൗൾ എൽ.എക്സ് (Superbowl LX) മത്സരത്തിനിടയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കുടുംബത്തിന്റെ നീന്തൽക്കുളത്തിൽ മുഖം താഴേക്ക് കിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഉടൻതന്നെ അമ്മ സി.പി.ആർ (CPR) നൽകിയ ശേഷം ആംബുലൻസിൽ ഗിൽബെർട്ടിലെ മെഴ്സി ഗിൽബെർട്ട് മെഡിക്കൽ സെന്ററിലേക്ക് എത്തിച്ചെങ്കിലും വൈകിട്ട് 6.20-ഓടെ കുട്ടി മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, കുട്ടിക്ക് ഇപ്പോഴും ശ്വാസോച്ഛ്വാസം ഉണ്ടെന്നും നെഞ്ചും വയറും ചലിക്കുന്നുണ്ടെന്നും കുടുംബാംഗങ്ങളും പോലീസും നഴ്സുമാരിൽ ചിലരും സംശയം പ്രകടിപ്പിച്ചിരുന്നു.
നഴ്സിന് കുട്ടിയുടെ നാഡിമിടിപ്പ് ലഭിച്ചുവെന്ന് പറഞ്ഞെങ്കിലും, ഡോ. തൂസി എന്ന attending physician ഇത് പൂർണ്ണമായി അവഗണിക്കുകയായിരുന്നു.
“താനാണ് ഡോക്ടറെന്നും തനിക്ക് മെഡിക്കൽ ബിരുദമുണ്ടെന്നും അതിനാൽ തന്റെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും” ഡോക്ടർ അഹങ്കാരത്തോടെ പ്രതികരിച്ചതായി പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർന്ന് അന്ത്യചുംബനം നൽകാനായി മോർച്ചറിയിലെത്തിയ അമ്മ അലക്സസ് ഫിയോർഡിലിനോ, കുഞ്ഞ് ശ്വാസമെടുക്കുന്നത് പോലെ തോന്നിയെങ്കിലും ഡോക്ടർമാരുടെ വാക്കുകൾ വിശ്വസിച്ച് പിന്മാറുകയായിരുന്നു.
എന്നാൽ കൃത്യം അഞ്ചര മണിക്കൂറിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ മെഡിക്കൽ എക്സാമിനറുടെ ജീവനക്കാരൻ കുട്ടിക്ക് നേരിയ നാഡിമിടിപ്പും ജീവനും ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ഫീനിക്സ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.
കുഞ്ഞിന്റെ ആദ്യഘട്ട ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നെങ്കിലും പിന്നീട് നടത്തിയ എം.ആർ.ഐ (MRI) സ്കാൻ ഫലം കുടുംബത്തിന് വലിയ ആശ്വാസമായി.
“ദൈവകൃപയാൽ കുട്ടിയുടെ മസ്തിഷ്കത്തിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും ചെറിയൊരു ചതവ് മാത്രമാണ് കണ്ടെത്തിയതെന്നും” കുടുംബത്തിന്റെ ഫണ്ടിങ് പേജിൽ വ്യക്തമാക്കുന്നു. എങ്കിലും കുട്ടിയുടെ ആരോഗ്യ വീണ്ടെടുക്കലിനായി വലിയ തോതിലുള്ള ചികിത്സകളും തെറാപ്പികളും ഇനിയും ആവശ്യമാണ്.
മരണപ്രഖ്യാപനം നടത്തി മിനിറ്റുകൾക്കകം ലഭിക്കേണ്ടിയിരുന്ന രക്തപരിശോധനാ ഫലം വൈകിയാണ് ലഭിച്ചതെന്നും, ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയ്ക്കും കൃത്രിമത്വത്തിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

