തിരുവനന്തപുരം: ലോക് ഭവനിൽ സസ്യാഹാര നിബന്ധന നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ പ്യുവർ വെജ് ജാതികോയ്മയെ വീണ്ടും പ്രതിഷ്ഠിക്കാം എന്ന് വ്യാമോഹിക്കേണ്ടന്ന് യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ വ്യക്തമാക്കി.
കേരളം തങ്ങളുടെ പരീക്ഷണശാല അല്ലെന്ന് ഗവർണർ ഓർക്കണം. ആരെന്തു കഴിക്കണം എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം ആരും സംഘപരിവാറിനെ ഏൽപ്പിച്ചിട്ടില്ല.
നവോത്ഥാനത്തിന്റെ മണ്ണായ കേരളം മനുഷ്യനെ നിലപാടുകൾ കൊണ്ടാണ് അളക്കുന്നതെന്നും ബിനു ചുള്ളിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം നീക്കങ്ങൾ യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിനു ചുള്ളിയിലിന്റെ കുറിപ്പ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ “Pure Veg” ജാതിക്കോയ്മയെ വീണ്ടും സിംഹാസനത്തിലിരുത്താമെന്ന് ഓം പ്രകാശ് മാഥൂർ വ്യാമോഹിക്കേണ്ട. മത്സ്യവും മാംസവും കഴിക്കുന്നവരെ കുറഞ്ഞ പൗരന്മാരായി കാണുന്ന സംഘികളോട് – അത് കുട്ടിനിക്കറിട്ട് ദണ്ഡുമായി നടക്കുന്ന ലോക്കൽ സംഘിയോട് ആയാലും, കേരളത്തിലെ മതേതരത്വവും, കേരള ജനതയുടെ ജനാധിപത്യബോധവും തകർത്ത് നോർത്ത് ഇന്ത്യൻ സംഘിസം കേരളത്തിൽ നടപ്പാക്കാൻ ക്വട്ടേഷൻ എടുത്ത് വരുന്ന കേരള ഗവർണർ എന്ന കസേരയ്ക്ക് മാന്യത കൊടുക്കാത്ത അധികാര സിരാകേന്ദ്രത്തിൽ നിൽക്കുന്ന സംഘിയോട് ആണേലും ഒന്നേ പറയാനുള്ളൂ- ഇന്ത്യൻ ബോധത്തെ ബ്രാഹ്മണിക്കൽ ബോധത്തിന്റെ ചങ്ങലയ്ക്കുള്ളിലാക്കാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ, ആ വ്യാമോഹം കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല!
അത് യൂത്ത് കോൺഗ്രസ് അനുവദിക്കില്ല. മോദിയുടെ അരുമശിഷ്യൻ ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണറായി എത്തുമ്പോൾ ഒരു കാര്യം ഓർത്തുവെക്കണം — കേരളം നിങ്ങളുടെ പരീക്ഷണശാലയല്ല, “Pure Veg” ജാതീയ മേധാവിത്വത്തിന്റെ രാഷ്ട്രീയത്തിന് ചുവപ്പുപരവതാനി വിരിക്കുന്ന മണ്ണുമല്ല!
മറ്റൊരുവൻ്റെ പാത്രത്തിൽ എന്ത് എന്നത് കേരള ഗവർണർ നോക്കേണ്ട കാര്യവുമില്ല, അതല്ല ഗവർണറുടെ ജോലിയും.
ഒരു ജനതയുടെ ഭക്ഷണം അവൻ്റെ സംസ്കാരത്തിൻ്റെ ഭാഗം കൂടിയാണ്, അതിനെ തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഗവർണർ പദവിയുടെ അധികാരവും കേന്ദ്രത്തിലെ ഭരണത്തിന്റെ സ്വാധീനവും കാട്ടി കേരളത്തെ വരുതിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, ആ ധാരണ തിരുത്തേണ്ടിവരും Mr.
ഓം പ്രകാശ് മാഥൂർ. ഇവിടെ ആരെന്ത് കഴിക്കണം, ആരെങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം സംഘപരിവാറിന്റെ കൈയിൽ ആരും ഏൽപ്പിച്ചിട്ടില്ല.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെങ്കിൽ ഓരോ പൗരനും അവനിഷ്ടമുള്ള ഭക്ഷണം കഴിക്കും. നിങ്ങൾക്ക് താല്പര്യമില്ലാത്തത് നിങ്ങള് കഴിക്കണ്ട
ഹേ, അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് മാത്രം നിങ്ങൾക്ക് ഒപ്പം ജോലി ചെയ്യുന്നവരും കഴിക്കണം എന്ന വാശിയും ഇവിടെ നടക്കില്ല എന്ന് യൂത്ത് കോൺഗ്രസ് നിങ്ങളെ ഓർമ്മിക്കുകയാണ്. കാരണം, ഇത് നിങ്ങളുടെ മനുവാദത്തിന്റെ മണ്ണല്ല; മനുഷ്യന്റെ അന്തസ്സിനും ഭരണഘടനയുടെ മൂല്യങ്ങൾക്കും പോരാട്ടത്തിന്റെ ചരിത്രത്തിനും വിലയുള്ള കേരളമാണ്!
നിങ്ങളുടെ അറിവിലേക്കായി കേരളത്തിൻ്റെ നവോത്ഥാനത്തിൻ്റെ ഒരു ഏട് പറഞ്ഞു തരാം, ദൈവവിശ്വാസം മാത്രമല്ല ശ്രീ നാരായണ ഗുരുവിൻ്റെ അരുവിക്കരയിലെ ഈഴവ ശിവ പ്രതിഷ്ഠ, അത് ഒരു ജനതയുടെ ആത്മാഭിമാനത്തിൻ്റെ ദൈവീക പ്രതിഷ്ഠയാണ്. അത് പക്ഷേ ബ്രിട്ടീഷുകാരുടെ ഷൂ നക്കി, രാജ്യത്തെ ഒറ്റു കൊടുത്തതിന് പെൻഷൻ വാങ്ങി ജീവിച്ച നിങ്ങളുടെ പൂർവികരുടെ പുതിയ തലമുറക്ക് മനസ്സിലാകില്ല”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

