അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജാരെഡ് കുഷ്നർ വൈറ്റ് ഹൗസിൽ സേവനമനുഷ്ഠിക്കവേ ഗൾഫ് രാജ്യങ്ങളുടെ രഹസ്യ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായി പുതിയ വെളിപ്പെടുത്തൽ. പ്രമുഖ മാധ്യമമായ ‘വാനിറ്റി ഫെയർ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഡച്ച് ചാരസംഘടന കുഷ്നറിന്റെ ഫോൺ ചോർത്തി നിർണായക സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്തു കൊണ്ടുവന്നതായി അവകാശപ്പെടുന്നത്.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കുഷ്നർ ശക്തമായി പ്രതികരിച്ചു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് കുഷ്നറിന്റെ ഐഫോൺ നിരീക്ഷിച്ച ഡച്ച് ഏജന്റുമാർ, യു.എ.ഇ അടിസ്ഥാനമാക്കിയുള്ള ബാങ്ക് അക്കൗണ്ട് അദ്ദേഹം പരിശോധിക്കുന്നതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അസർബൈജാനിലെ ഒരു ബാങ്കിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളറാണ് ഈ അക്കൗണ്ടിലേക്ക് എത്തിയത്. യു.എ.ഇ സർക്കാരിന്റെ ഫണ്ടിൽ പ്രവർത്തിക്കുന്ന വതനി അൽ ഇമാറത്ത് ഫൗണ്ടേഷന്റെ ഫസ്റ്റ് അബുദാബി ബാങ്കിലെ അക്കൗണ്ടിലേക്ക് ഏകദേശം 750 ദശലക്ഷം ഡോളർ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ അക്കൗണ്ടിന്റെ ഔദ്യോഗിക ഉടമ കുഷ്നർ അല്ലെങ്കിലും, പണം പിൻവലിക്കാനും കൈകാര്യം ചെയ്യാനുമുള്ള പൂർണ്ണ അനുമതി അദ്ദേഹത്തിനുണ്ടായിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ വിദേശനയങ്ങളെ സ്വാധീനിക്കുന്നതിനായി സ്വകാര്യ ഫണ്ട് രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ ഭരണാധികാരി മുഹമ്മദ് ബിൻ സായെദ്, സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പ്രധാന ആരോപണം.
ഈ പദ്ധതി പിന്നീട് പരാജയപ്പെട്ടെങ്കിലും, രണ്ട് മധ്യപൂർവേഷ്യൻ രാജകുടുംബങ്ങളും ചേർന്ന് കുറഞ്ഞത് 2 ശതകോടി ഡോളർ കുഷ്നറുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
എന്നിരുന്നാലും, തനിക്കെതിരെ ഉയർന്നിട്ടുള്ള എല്ലാ ആരോപണങ്ങളും ജാരെഡ് കുഷ്നർ തള്ളിക്കളഞ്ഞു. ഇത്തരം സംഭവങ്ങൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടേയില്ലെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

