കോടികൾ ചെലവഴിച്ച് നവീകരിക്കുന്ന ദേശീയപാതയിൽ മഴ പെയ്താൽ വൻ തോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു. അശാസ്ത്രീയമായ ഓടനിർമാണവും കലുങ്കുകളുടെ എണ്ണം കുറച്ചതും ഇടറോഡുകളിൽ നിന്നുള്ള വെള്ളം ഓടകളിലേക്ക് ഒഴുകിയെത്താൻ സംവിധാനമില്ലാത്തതുമാണ് പ്രതിസന്ധിക്കു കാരണം.
സർവീസ് റോഡിൽനിന്നു വെള്ളം കുത്തിയൊഴുകി വീടുകളിലും കടകളിലും കയറുന്നതും പതിവാകുന്നു. ചാത്തന്നൂർ മുതൽ ഓച്ചിറ വരെ ദേശീയപാതയോടു ചേർന്ന മേഖലകളിൽ മഴക്കെടുതി രൂക്ഷമായതോടെ നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.
ഭൂമിയുടെ സ്വാഭാവിക ചരിവിനും ജലത്തിന്റെ ഒഴുക്കിനും അനുസൃതമായല്ല ഓടകൾ നിർമിച്ചതെന്നതാണു പ്രധാന ആക്ഷേപം. നേരത്തേ മഴവെള്ളം സുഗമമായി ഒഴുകിപ്പോയിരുന്ന ചില കലുങ്കുകൾ ഒഴിവാക്കുകയോ അടയ്ക്കുകയോ ചെയ്തതും പ്രശ്നം രൂക്ഷമാക്കി.
മഴവെള്ളം ഒഴുകിപ്പോകാൻ മതിയായ സംവിധാനങ്ങളില്ലാത്തതിനാൽ ചെറിയ മഴയിൽപ്പോലും റോഡുകൾ വെള്ളത്തിലാകുന്നു. വെള്ളക്കെട്ട് ഗതാഗതതടസ്സത്തിനും അപകടസാധ്യതയ്ക്കും പുറമേ പ്രദേശവാസികൾക്ക് വൻ സാമ്പത്തിക നഷ്ടവും വരുത്തുന്നു.
ചാത്തന്നൂരിൽ ഇരുപത്തിയഞ്ചിലേറെ കടകളിൽ വെള്ളം കയറി ദേശീയപാത വികസനത്തിനുശേഷം മഴ പെയ്താൽ വെള്ളക്കെട്ട് പതിവായതോടെ വ്യാപാരികളും പ്രദേശവാസികളും ദുരിതത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ചാത്തന്നൂർ ജംക്ഷൻ, കെഎസ്ആർടിസി ജംക്ഷൻ, ഊറാംവിള, കല്ലുവാതുക്കൽ, തെറ്റിക്കുഴി, സ്റ്റാൻഡേഡ് ജംക്ഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.
സർവീസ് റോഡും പ്രധാനപാതയും വെള്ളത്തിലായതോടെ വാഹനയാത്രക്കാരും വലഞ്ഞു. ഇരുപത്തിയഞ്ചിലേറെ കടകളിൽ വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായി.
ദേശീയപാത വികസനം ആരംഭിച്ചതിനുശേഷം പത്തുതവണയിലേറെയായി വെള്ളം കയറിയ സ്ഥാപനങ്ങളുണ്ട്. കടകളിൽ കയറിയ വെള്ളവും ചെളിയും നീക്കം ചെയ്യാൻ വലിയ തുക ചെലവഴിക്കേണ്ടിവരുന്നു.
ശുചീകരണം പൂർത്തിയാക്കി വ്യാപാരം പുനരാരംഭിക്കുമ്പോഴേക്കും വീണ്ടും മഴയും വെള്ളക്കെട്ടെത്തും. വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറിയ സംഭവങ്ങളുമുണ്ട്.
വെള്ളം സുഗമമായി ഒഴുകിപ്പോയിരുന്ന കലുങ്കുകൾ ഒഴിവാക്കിയതാണ് പല പ്രദേശങ്ങളിലും വെള്ളക്കെട്ടിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. വൻതുക ചെലവഴിച്ച് ദേശീയപാത വികസിപ്പിച്ചിട്ടും മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉറപ്പാക്കാത്തത് ഗുരുതര വീഴ്ചയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
നാലു വീടുകളിൽ വെള്ളം കയറി ദേശീയപാതയിൽനിന്നുള്ള മഴവെള്ളം കുത്തിയൊഴുകിയെത്തിയതോടെ ഇത്തിക്കര മൂഴിയിൽ പ്രദേശത്ത് നാല് വീടുകളിൽ വെള്ളം കയറി. ചൊവ്വാഴ്ച രാത്രിയിലെ മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ശുചീകരണം നടത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രിയും ദുരിതമുണ്ടായത്.
ഇത്തിക്കര കടവിൽ പടിഞ്ഞാറ്റതിൽ ഒസീല ബീവി, സലീന, ഷംസുദ്ദീൻ, നജീബ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. അർധരാത്രിയോടെ കിടപ്പുമുറികളിൽ ഉൾപ്പെടെ വെള്ളമെത്തിയതോടെ വയോധികരടക്കമുള്ളവർ പുലരുംവരെ ഉറക്കമൊഴിഞ്ഞു കഴിയേണ്ടിവന്നു.
ഒട്ടേറെ വീടുകളുടെ പരിസരവും വെള്ളത്തിലായി. മൈലക്കാട് ഭാഗത്തുനിന്നുള്ള മഴവെള്ളം മൂഴിയിൽ ഭാഗത്തേക്കാണ് ഒഴുകിയെത്തുന്നത്.
ദേശീയപാത വികസനത്തിനു മുൻപ് പാതയിൽനിന്നുള്ള വെള്ളം ഇത്തിക്കരയാറ്റിലേക്കാണ് ഒഴുകിയിരുന്നത്. ഇപ്പോൾ മൂഴിയിൽ ഭാഗത്തേക്ക് വലിയതോതിൽ വെള്ളമെത്തുകയാണ്.
മറുവശത്തുനിന്നുള്ള വെള്ളവും അടിപ്പാതയിലൂടെ ഒഴുകിയെത്തുന്നു. ഇതോടെ പ്രദേശം പ്രളയസമാനമായ സാഹചര്യമാകുന്നുവെന്നാണു നാട്ടുകാരുടെ പരാതി.
ഓട മൂടി; ഓച്ചിറയിൽ റോഡ് മുങ്ങി ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിനോടു ചേർന്ന ഓട
മണ്ണിട്ടു താൽക്കാലികമായി അടച്ചതോടെ ചങ്ങൻകുളങ്ങര ബ്ലോക്ക് ജംക്ഷൻ–താമരക്കുളം റോഡ് വെള്ളത്തിലായി. പത്തോളം കടകളിലും ഉയർന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി.
റോഡിലെ വെള്ളക്കെട്ടിൽ രണ്ടു കാറുകൾ മുങ്ങി. ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
28-ാം ഓണം കാളകെട്ടുത്സവത്തിനു കൂറ്റൻ കെട്ടുകാളയെ സർവീസ് റോഡിലൂടെ കൊണ്ടുപോകാൻ കലക്ടറുടെ നിർദേശപ്രകാരം കരാർ കമ്പനി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി ചങ്ങൻകുളങ്ങര ബ്ലോക്ക് ജംക്ഷനിൽ റോഡിന്റെ ഒരു വശത്തെ ഓട
മണ്ണിട്ട് മൂടി. കെട്ടുകാഴ്ച കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഓടയിലെ മണ്ണ് നീക്കിയില്ല.
തുടർന്നെത്തിയ ശക്തമായ മഴയിലാണ് പ്രദേശം വെള്ളത്തിലായത്. റോഡിലെ വെള്ളക്കെട്ടിന്റെ ആഴമറിയാതെ പുലർച്ചെ എത്തിയ ചങ്ങൻകുളങ്ങര, കൊറ്റമ്പള്ളി സ്വദേശികളുടെ കാറുകളാണു വെള്ളത്തിൽ കുടുങ്ങിയത്.
ഇതോടെ നാട്ടുകാർ ഗതാഗതം താൽക്കാലികമായി തടഞ്ഞു പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ നാട്ടുകാരും കാളകെട്ട് സമിതി പ്രവർത്തകരും ചേർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഓടയിലെ കോൺക്രീറ്റ് സ്ലാബുകളും മണ്ണും നീക്കി.
ഇതോടെ വെള്ളം ഓടയിലൂടെ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകിത്തുടങ്ങി. വെള്ളം കയറിയ കടകളിൽ ചെളി അടിഞ്ഞുകിടക്കുകയാണ്.
ഓടകളും മഴവെള്ളം ഒഴുക്കിവിടാനുള്ള സംവിധാനങ്ങളും ഒരുക്കുന്നതിന് 22.6 കോടി രൂപയുടെ പദ്ധതി അനുവദിച്ചെങ്കിലും ഇതുവരെ നടപ്പാക്കാനായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

