ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. പീപ്പിള് എഗന്സ്റ്റ് എസ് ഐ ആര് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ദില്ലി ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാർച്ചുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിനുപുറമെ, പീസ് ബോണ്ട് ചോദ്യം ചെയ്തുകൊണ്ട് നേഹാ ബോറ സമർപ്പിച്ച ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. അതേസമയം, സിജെപി നേതാക്കൾക്ക് ചോദ്യം ചെയ്യലിനായി വീണ്ടും നോട്ടീസ് നൽകാൻ ഒരുങ്ങുകയാണ് ദില്ലി പൊലീസ്.
കർശന ജാമ്യ വ്യവസ്ഥകളിൽ ജയിൽ മോചിതരായ സിജെപി നേതാക്കൾ ദില്ലി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്നലെ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് സൗരവ് ദാസ് ഉൾപ്പെടെയുള്ള നേതാക്കൾ പൊലീസിനെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഏഴുദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം രാത്രി അശുതോഷ് റങ്കെയും സൗരവ് ദാസും മോചിതരായത്. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വളരെ കർശനമായ ഉപാധികളാണ് ഇവർക്ക് മുന്നോട്ടുവെച്ചിരുന്നത്.
ഭാവിയിൽ ജന്തർ മന്ദറിൽ പ്രതിഷേധിക്കില്ലെന്ന് വ്യക്തമാക്കിയ സിജെപി നേതാക്കൾ ഇക്കാര്യത്തിൽ കോടതിയിൽ ക്ഷമാപണവും നടത്തിയിരുന്നു. ഇനിമുതൽ സമരങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കുകയോ ഇല്ലെന്നും ഇരുവരും രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, ജയിൽ മോചിതരായി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിന്റെ പുതിയ ചോദ്യം ചെയ്യൽ നോട്ടീസ് ഇവർക്ക് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

