ആലപ്പുഴ ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലേക്ക് ദീർഘിപ്പിക്കുന്ന നടപടി യാത്രാക്ലേശത്തിന് വലിയൊരളവിൽ പരിഹാരമാകും. ആലപ്പുഴ മേഖലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്കു ശേഷമുള്ള യാത്രാതടസ്സം ഇതുവഴി ഒഴിവാകും.
നിലവിൽ ഉച്ചയ്ക്ക് 1.50ന് നേത്രാവതി എക്സ്പ്രസ് കടന്നുപോയാൽ പിന്നെ വൈകീട്ട് 5.48നുള്ള ഏറനാട് എക്സ്പ്രസിനായാണ് യാത്രക്കാർ ആശ്രയിക്കേണ്ടി വരുന്നത്. ഉച്ചയ്ക്ക് 3.15ഓടെ ആലപ്പുഴയിൽ സർവീസ് അവസാനിപ്പിക്കുന്ന ധൻബാദ് എക്സ്പ്രസ് നീട്ടുന്നതോടെ അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് വലിയ ആശ്വാസമാകും.
വൈകീട്ട് 5.35നുള്ള കൊല്ലം മെമു അല്ലെങ്കിൽ മംഗളൂരു–തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് എന്നിവയാണ് നിലവിലുള്ള മറ്റ് ആശ്രയങ്ങൾ. ഈ സർവീസ് ദീർഘിപ്പിക്കുന്നത് വഴി പാലക്കാട്, തൃശൂർ, എർണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് പകൽ സമയത്ത് കൂടുതൽ യാത്രാ സൗകര്യം ലഭ്യമാകും.
തിരികെ പുലർച്ചെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് എറണാകുളം, പാലക്കാട്, കോയമ്പത്തൂർ ഭാഗങ്ങളിലേക്കുള്ള ആദ്യത്തെ ട്രെയിൻ സർവീസായി ഈ വണ്ടി മാറും. നിലവിൽ രാവിലെ 6.45ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2ന് എത്തുന്ന ശബരി എക്സ്പ്രസിനെയാണ് കോയമ്പത്തൂർ യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത്.
പുതിയ ക്രമീകരണം നിലവിൽ വരുമ്പോൾ ധൻബാദ് എക്സ്പ്രസ് രാവിലെ 10.30ന് പാലക്കാട്ടും ഉച്ചയ്ക്ക് 12.15ന് കോയമ്പത്തൂരിലും എത്തിച്ചേരും. തിരുവനന്തപുരം നോർത്ത് വരെയുള്ള പുതിയ സമയവിവരങ്ങൾ റെയിൽവേ അധികം വൈകാതെ പുറത്തുവിടും.
പുതിയ ടൈംടേബിൾ അനുസരിച്ച് അമ്പലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി, കൊല്ലം, വർക്കല തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

