കൊല്ലം ജില്ലയിലെ ഓച്ചിറ ആലംപീടികയിൽ പ്രവർത്തിക്കുന്ന ബവ്റിജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്.
ബാങ്കിൽ അടയ്ക്കാനായി മാറ്റിവെച്ചിരുന്ന തുകയാണ് കവർന്നത്. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ബാങ്ക് അവധിയായതിനെ തുടർന്നാണ് പണം ഔട്ട്ലെറ്റിൽ തന്നെ സൂക്ഷിച്ചിരുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
മദ്യം മോഷണം പോയിട്ടുണ്ടോ എന്നത് സ്റ്റോക്ക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹെൽമറ്റും മഴക്കോട്ടും ധരിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഔട്ട്ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലെ എക്സ്ഹോസ്റ്റ് ഫാൻ ഇളക്കിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്.
ഇതുവഴിയാകാം മോഷ്ടാവ് അകത്ത് കടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ പ്രദേശത്ത് അനുഭവപ്പെട്ട
കനത്ത മഴയുടെ സമയത്തായിരിക്കാം മോഷണം നടന്നത് എന്നാണ് പോലീസിന്റെ വിലയിരുത്തൽ. മൂന്ന് മാസങ്ങൾക്ക് മുൻപ് കരുനാഗപ്പള്ളിയിലെ ബവ്റിജസ് ഔട്ട്ലെറ്റിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

