പത്തനംതിട്ട ജില്ലയിലെ കോന്നി കുളത്തുമണ്ണിൽ വന്യജീവി ആക്രമണം മൂലം കർഷകർ വലിയ പ്രതിസന്ധിയിൽ.
കോന്നി വകയാർ സ്വദേശിയായ സാംകുട്ടിയുടെ കൃഷിയിടത്തിൽ മാത്രം ഈ വർഷം അഞ്ച് തവണയാണ് കാട്ടാനക്കൂട്ടം എത്തി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയത്. ലക്ഷക്കണക്കിന് രൂപ മുടക്കി നടത്തിയ കൃഷിയിൽ നിന്നു ഒരു വിളവുപോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇദ്ദേഹം.
രാത്രികാലങ്ങളിൽ പ്രദേശത്ത് ആനകൾ കൂട്ടത്തോടെയെത്തുന്നത് നാട്ടുകാരിൽ കടുത്ത ഭീതിയാണ് സൃഷ്ടിക്കുന്നത്. ഏഴ് കാട്ടാനകളാണ് ആദ്യ ഘട്ടത്തിൽ സാംകുട്ടിയുടെ കൃഷിയിടത്തിലേക്ക് അതിക്രമിച്ചു കയറിയത്.
നാലടി ഉയരത്തിൽ സ്ഥാപിച്ചിരുന്ന ഫെൻസിങ് തകർത്തായിരുന്നു ഇവയുടെ പ്രവേശനം. കൃഷിയിടത്തിൽ നിന്ന് മടങ്ങുമ്പോഴും മറ്റൊരു ഭാഗത്തെ വേലി തകർത്തു.
ആദ്യ ആക്രമണത്തിൽ തകർന്ന ഫെൻസിങ് സ്വന്തം കൈയിൽ നിന്ന് പണം ചെലവഴിച്ചാണ് അദ്ദേഹം പുനർനിർമ്മിച്ചത്. ഇതിനായി വലിയ തുക തന്നെ ചിലവായിട്ടുണ്ട്.
തുടർന്ന് രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും രണ്ട് കാട്ടാനകളെത്തി. ഫെൻസിങ് തകർത്ത് റബർ തോട്ടത്തിലെ വാഴകൾ നശിപ്പിക്കുകയും റബർ തൈകൾ പിഴുതെറിയുകയും ചെയ്തു.
ഇതിനുപുറമെ, ഏതാനും മാസങ്ങൾക്ക് ശേഷം പുലർച്ചെയോടെ മൂന്ന് കാട്ടാനകൾ കൂടി എത്തി റബറും വാഴയും നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ വീണ്ടും മൂന്ന് ആനകൾ കൃഷിയിടത്തിൽ ഇറങ്ങി.
കുലച്ചതും കുലയ്ക്കാറായതുമായ അറുപതോളം വാഴകളും, കായ്ഫലമിക്കാറായ മാങ്കോസ്റ്റീൻ മരങ്ങളും ആനകൾ പൂർണ്ണമായി നശിപ്പിച്ചു. ഈ വർഷം കൃഷിക്കായി മുടക്കിയ തുകയുടെ പകുതി പോലും തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ലെന്ന് സാംകുട്ടി വ്യക്തമാക്കി.
മുപ്പത് വർഷക്കാലം പ്രവാസ ജീവിതത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാണ് അദ്ദേഹം ഇവിടെ ഭൂമി വാങ്ങിയത്. നാട്ടിൽ തിരിച്ചെത്തി കൃഷിയുമായി സമാധാനപരമായി ജീവിക്കാമെന്ന മോഹമാണ് വന്യജീവികളുടെ രൂപത്തിൽ തകർന്നടിയുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണയാണ് പ്രദേശത്ത് നാശനഷ്ടങ്ങൾ വളരെ അധികം വർധിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം വീണ്ടുമെത്തിയ കാട്ടാന ഒട്ടേറെ ഫെൻസിങ്ങുകൾ തകർക്കുകയും അഞ്ച് മാസം പ്രായമുള്ള റബർ തൈകൾ നശിപ്പിക്കുകയും ചെയ്തു.
കൃഷിനാശത്തിനൊപ്പം സ്വന്തം ജീവനും സുരക്ഷിതമല്ലേ എന്ന ആശങ്കയിലാണ് കുളത്തുമണ്ണിലെ ജനങ്ങൾ. സ്വന്തം നാട്ടിൽ പോലും സ്വൈര്യമായി ജീവിക്കാൻ കഴിയാത്ത ദയനീയ സാഹചര്യമാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

