കോഴിക്കോടിന്റെ മലയോര മേഖലയായ തിരുവമ്പാടിയുടെ ചരിത്രം എന്നത് അടിയുറച്ച കുടിയേറ്റത്തിന്റെ കരുത്തുറ്റ ഓർമകളാണ്. വന്യമൃഗങ്ങളുടെ ഭീഷണിയെയും നിബിഡവനങ്ങളെയും അതിജീവിച്ച് ഈ മണ്ണിൽ കഠിനാധ്വാനം ചെയ്തവരുടെ പിൻതലമുറക്കാർ ഇന്നും ആ പഴയകാല സ്മരണകളിലാണ്.
1942ൽ ചങ്ങനാശേരി വായ്പൂരിൽ നിന്നും ഇവിടെയെത്തിയ പുരയിടത്തിൽ കുടുംബത്തിലെ അംഗമായ പുരയിടത്തിൽ ജേക്കബ് (ചാക്കോ) തന്റെ ബാല്യകാല യാത്രാനുഭവങ്ങൾ ഓർത്തെടുക്കുന്നു. വല്യപ്പനും പേരപ്പനും അപ്പനുമൊപ്പം രണ്ടാം വയസ്സിലാണ് അദ്ദേഹം തിരുവമ്പാടിയിലെത്തുന്നത്.
കോഴിക്കോട് വരെ ട്രെയിനിലും തുടർന്ന് മുക്കം വരെ ബസ്സിലും ബാക്കി ദൂരം കാൽനടയായുമായിരുന്നു അക്കാലത്തെ യാത്രകൾ. പ്രസിദ്ധ സാഹിത്യകാരൻ എസ്.കെ.
പൊറ്റെക്കാട്ടിന്റെ ‘വിഷകന്യക’ എന്ന നോവലിൽ പറയുന്നതുപോലെ, കുടിയേറ്റ കാലത്തെ നേരിടേണ്ടിവന്ന പ്രധാന വെല്ലുവിളികൾ പുല്ലും പന്നിയും പനിയുമായിരുന്നു. ജന്മിമാരിൽ നിന്നും ഓടച്ചാർത്ത് വാങ്ങി പാഴ്മരങ്ങളും ഓടകളും വെട്ടിത്തെളിച്ചാണ് അന്ന് കൃഷിയിറക്കിയിരുന്നത്.
ആദ്യം കപ്പയും പിന്നീട് നെല്ലുൾപ്പെടെയുള്ള മറ്റ് വിളകളും ഇവർ കൃഷി ചെയ്തു. അക്കാലത്തുണ്ടായിരുന്ന മലമ്പനിയുടെ ഭീകരതയെക്കുറിച്ചും ചാക്കോയും ഭാര്യ ചിന്നമ്മയും പങ്കുവെക്കുന്നുണ്ട്.
പാലാ രാമപുരത്തുനിന്നും കുടിയേറിയ ചിന്നമ്മയുടെ കുടുംബവും കടുത്ത ദുരിതങ്ങളാണ് അനുഭവിച്ചത്. ക്വൊയിന ഗുളികകൾ തേടി കോഴിക്കോടുവരെ പോകേണ്ടി വന്നതും, മുക്കത്തുനിന്നുള്ള ചുരുക്കം ചില ബസ്സുകളിൽ ഇടം കിട്ടാതെ കാൽനടയായി യാത്ര ചെയ്തതും പലരുടെയും ഓർമകളിലുണ്ട്.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരും ഏറെയാണ്. അപ്പൻ പുരയിടത്തിൽ ജോസഫ് മുളങ്കൂട്ടങ്ങൾക്കിടയിൽ ഏറുമാടംകെട്ടിയാണ് ഏറെക്കാലം കഴിഞ്ഞിരുന്നത്.
പുന്നക്കൽ അങ്ങാടിയിൽ കാട്ടാനയിറങ്ങി വീടുകൾ തകർക്കുകയും ഒരു ഗർഭിണിയെ കൊലപ്പെടുത്തുകയും ചെയ്ത ഭീകരസംഭവം ഇന്നും നാട്ടുകാരുടെ മനസ്സിലുണ്ട്. അലങ്കോലപ്പെട്ട
കാടിനെ വെട്ടിപ്പിടിച്ച് ജീവിതം കെട്ടിപ്പടുത്ത മറ്റൊരു പ്രധാന ചരിത്രമാണ് ആലക്കോട്ടേത്. 1956ൽ പാലാ കൊഴുവനാൽ കഞ്ഞമലയിൽ നിന്നും ആലക്കോട്ടേക്കെത്തിയ ഏലിക്കുട്ടി ജോസഫ് (92) അന്നത്തെ കഷ്ടപ്പാടുകൾ വിവരിക്കുന്നു.
തളിപ്പറമ്പിൽ നിന്നും 15 ഏക്കർ സ്ഥലം വാങ്ങി ചെറിയൊരു കുടിലുകെട്ടിയാണ് ഇവർ ജീവിതം ആരംഭിച്ചത്. പാലായിൽ കൃഷിയിറക്കിയിരുന്ന ഇവർ മലബാറിലെത്തി കൂടുതൽ സ്ഥലം കണ്ടെത്തി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടേക്ക് ചേക്കേറിയത്.
നല്ലൊരു യാത്രാമാർഗ്ഗം പോലും ഇല്ലാതിരുന്ന അക്കാലത്ത്, മാസത്തിലൊരിക്കൽ തളിപ്പറമ്പിൽ പോയിട്ടാണ് ആവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ ഒന്നിച്ച് ജോലി ചെയ്ത് വളർന്നതിന്റെ മറ്റൊരു ഉദാഹരണമാണ് മലപ്പുറം പരിയാപുരത്തിന്റെ കുടിയേറ്റ ചരിത്രം.
ചങ്ങനാശേരി മാമൂടിൽ നിന്നും എഴുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് പരിയാപുരത്തേക്ക് കുടിയേറിയ പുത്തൻപുരയ്ക്കൽ കുടുംബത്തിലെ ജോർജ് ആ കാലഘട്ടം ഓർക്കുന്നു. എട്ട് മക്കളുള്ള കുടുംബത്തിൽ അച്ഛൻ മത്തായിയും മൂത്ത രണ്ട് മക്കളുമാണ് ആദ്യം പരിയാപുരത്തെത്തിയത്.
വാക്കാട്ടിൽ തേനുക്കാക്ക എന്നയാളുടെ കൈവശമുണ്ടായിരുന്ന പത്ത് ഏക്കർ മലയോരം വാങ്ങിയാണ് കൃഷി തുടങ്ങിയത്. കോട്ടയത്തെ അപേക്ഷിച്ച് മലബാറിൽ ഭൂമിക്ക് വിലക്കുറവായിരുന്നത് ആളുകളെ അവിടേക്ക് ആകർഷിച്ചു.
മധ്യതിരുവിതാംകൂറിൽ നിന്നെത്തിയ കുടുംബങ്ങൾ മലയോരം വെട്ടിത്തെളിച്ച് കപ്പയും മറ്റ് കൃഷികളും ആരംഭിച്ചതോടെ പ്രദേശവാസികൾക്കും തൊഴിലും ഭക്ഷണവും ലഭിച്ചു. അങ്ങനെ ആ നാടിന്റെ പട്ടിണിയും മാറ്റിമറിക്കപ്പെട്ടു.
ജലക്ഷാമവും കാട്ടുപന്നികളുടെ ശല്യവുമായിരുന്നു പ്രധാന പ്രശ്നങ്ങൾ. വെള്ളത്തിനായി പിതാവ് ഇരുപത്തിരണ്ട് കിണറുകൾ കുഴിച്ചതായും, താൻ കുഴൽക്കിണർ ഉൾപ്പെടെ അഞ്ച് കിണറുകൾ നിർമ്മിച്ചതായും ജോർജ് വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

