സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറിന്റെ പ്രധാന നിബന്ധനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആകെ 16 ആർട്ടിക്കിളുകൾ ഉൾക്കൊള്ളുന്നതാണ് ഈ പ്രതിരോധ കരാറെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ കുറഞ്ഞത് പത്തുവർഷത്തേക്ക് ഇതിൽ തുടരണമെന്നാണ് ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ.
ഈ കാലാവധിക്ക് ശേഷം ഏതെങ്കിലും അംഗരാജ്യത്തിന് കരാറിൽ നിന്നും പിന്മാറാൻ താൽപ്പര്യമുണ്ടെങ്കിൽ, മൂന്നുമാസം മുൻപ് ഔദ്യോഗികമായി നോട്ടീസ് നൽകേണ്ടതുണ്ട്. പുതിയ കരാർ പ്രകാരം അംഗരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെ ഉണ്ടാകുന്ന ഏത് സായുധ ആക്രമണവും സഖ്യത്തിലെ എല്ലാ രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കപ്പെടും.
ഏതെങ്കിലും രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ മറ്റ് അംഗരാജ്യങ്ങൾ ആവശ്യമായ സഹായങ്ങൾ നൽകാൻ ബാധ്യസ്ഥരാണ്. എന്നാൽ, എല്ലാവിധ ആക്രമണങ്ങൾക്കും ഒരേതരത്തിലുള്ള സൈനിക തിരിച്ചടിയാണോ നൽകേണ്ടത് എന്നത് സംബന്ധിച്ച് കരാറിൽ വ്യക്തതയില്ല.
അംഗരാജ്യങ്ങൾ നൽകുന്ന പിന്തുണ അതത് രാജ്യങ്ങളുടെ സാഹചര്യങ്ങളെയും സൈനിക ശേഷിയെയും ആശ്രയിച്ചായിരിക്കുമെന്നും വ്യവസ്ഥകളിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് റിയാദിൽ വെച്ചാണ് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാൻ, സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവർ മക്ക പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്.
അംഗീകാരത്തിനായി തുർക്കി ഈ കരാർ തങ്ങളുടെ പാർലമെന്റിൽ സമർപ്പിച്ചിട്ടുണ്ട്. ഹൂത്തികളുടെ ഭാഗത്തുനിന്നും സൗദി അറേബ്യയ്ക്ക് നേരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഈ പുതിയ പ്രതിരോധ കരാറിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.
ഒക്ടോബർ ആദ്യം റിയാദിൽ ചേർന്ന അടിയന്തര യോഗത്തിൽ പാകിസ്ഥാനും തുർക്കിയും സൗദിക്ക് സൈനിക സഹായങ്ങൾ നൽകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. സൗദിക്ക് എതുരീതിയിലുള്ള പിന്തുണയും നൽകാൻ തയ്യാറാണെന്നായിരുന്നു പാകിസ്ഥാൻ സൈനിക വക്താവായ ലെഫ്.
ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയുടെ പ്രതികരണം. സൗദി അറേബ്യയ്ക്ക് ആവശ്യമായ സൈനിക ഉപകരണങ്ങളും ആയുധങ്ങളും ഇന്റലിജൻസ് സഹായങ്ങളും ലഭ്യമാക്കാൻ തയ്യാറാണെന്ന് തുർക്കി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തങ്ങളുടെ സൈന്യത്തെ ആക്രമണങ്ങൾ നടത്താനായി മറ്റൊരു രാജ്യത്തേക്ക് അയക്കില്ലെന്ന നിലപാടാണ് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

