ദേശീയ തലസ്ഥാനത്ത് ദസ്റ ആഘോഷങ്ങളുടെ ഭാഗമായി വിവിധ വ്യക്തികളുടെ കോലങ്ങൾ കത്തിച്ച് പ്രതിഷേധം അരങ്ങേറി. കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാർ-ചിത്ര വിഹാർ സിഗ്നലിന് സമീപമാണ് സംഭവം.
തങ്ങൾ ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ആളുകളാണ് പ്രസ്തുത പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിജെപി നേതാക്കളായ അഭിജിത് ഡിപ്കെ, സൗരഭ് ദാസ്, യൂട്യൂബർ ധ്രുവ് റാഠി, ചലച്ചിത്ര താരങ്ങളായ നസീറുദ്ദീൻ ഷാ, പ്രകാശ് രാജ്, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരുടെ കോലങ്ങളാണ് ഈ സംഘം തീയിട്ട് നശിപ്പിച്ചത്.
ഇവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നാണ് പ്രസ്തുത സംഘടനയുടെ ആരോപണം. “ഇവർക്ക് ജനാധിപത്യത്തിലോ തെരഞ്ഞെടുപ്പ് കമ്മീഷനിലോ പോലീസിലോ ചീഫ് ജസ്റ്റിസിലോ ഒരു സർക്കാർ സംവിധാനങ്ങളിലോ വിശ്വാസമില്ല.
സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും രാജ്യം ഭരിക്കാനാണ് ഇവർ ശ്രമിക്കുന്നത്. എങ്ങനെയെങ്കിലും അധികാരം പിടിച്ച് പ്രധാനമന്ത്രിയാകുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇവർക്കുള്ളൂ-” എന്ന് ലാൽ ഹിറ്റ് ജനതാ പാർട്ടി അംഗം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.
സിജെപിയെ ആശയപരമായും കായികമായും നേരിടുമെന്ന പ്രഖ്യാപനവുമായി സംഘടന തങ്ങളുടെ അംഗത്വ പ്രചാരണം ഊർജിതമാക്കിയിട്ടുണ്ട്. സിജെപി വീണ്ടും പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയാൽ ശക്തമായ കായിക പ്രതിരോധം തീർക്കുമെന്നും ലാൽ ഹിറ്റ് ജനതാ പാർട്ടി ഭീഷണി മുഴക്കിയിട്ടുണ്ട്.
തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ പിന്തുണയുള്ള ഈ കൂട്ടായ്മ, സിജെപി സമരങ്ങൾക്കെതിരെ രംഗത്തുവന്ന ദില്ലിയിലെ വ്യാപാരികളെയും ഒപ്പംകൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. മറ്റൊരു സംഭവത്തിൽ, ശ്രീ കേശവ് രാംലീല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും സമാനമായ രീതിയിൽ കോലം ദഹിപ്പിക്കൽ നടന്നു.
ദില്ലി മന്ത്രി കപിൽ മിശ്ര ഒരു പാറ്റയുടെ രൂപത്തിലുള്ള കോലത്തിനാണ് തീ കൊളുത്തിയത്. പാരമ്പര്യമായി കത്തിക്കുന്ന രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ രൂപവും ഇവിടെ അഗ്നിക്കിരയാക്കുകയുണ്ടായി.
രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് ചടങ്ങിനെക്കുറിച്ച് സംസാരിച്ച കപിൽ മിശ്ര ആരോപിച്ചു. കമ്മ്യൂണിസം, നക്സലിസം, ജിഹാദി, ദേശദ്രോഹി, രാമവിരോധി എന്നിവയുടെ സമ്മിശ്ര രൂപമാണ് ഈ പാറ്റകളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
രാവണനോടൊപ്പം ഇത്തരം ശക്തികളെയും ദഹിപ്പിക്കുക എന്നതാണ് ഇന്നത്തെ ചടങ്ങിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

