സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെയുള്ള പരിശോധന ശക്തമാക്കി പോലീസ്. കൊച്ചി സിറ്റിയിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായത്.
പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മെട്രോ പില്ലർ നമ്പർ 531 ന് സമീപത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 4.28 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മലപ്പുറം സ്വദേശികളായ അബ്ദുസലാം, സൽമാനുൽ ഫാരിസ് എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിയിലായ പ്രതികളിൽ ഒരാളായ അബ്ദുൽ സലാമിന് എതിരെ സമാനമായ ലഹരികേസ് മുൻപും നിലവിലുണ്ട്. 2024-ൽ മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ 51 ഗ്രാം എംഡിഎംഎയുമായി ഇയാളെ പിടികൂടിയിട്ടുള്ളതാണെന്ന് പോലീസ് വ്യക്തമാക്കി.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, ഡിസിപിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ എ. അനന്തലാൽ നേതൃത്വം നൽകിയ പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

