കേരളത്തെയും കർണാടകയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കബനി നദിക്ക് കുറുകെ നിർമിക്കാൻ ലക്ഷ്യമിടുന്ന ബൈരക്കുപ്പ പാലം പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചു. പാലത്തിന് തറക്കല്ലിട്ട് നീണ്ട
32 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഈ പദ്ധതിക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സേതുബന്ധൻ പദ്ധതിയുടെ ഭാഗമായി പാലം നിർമാണത്തിനായി 27 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
തുടക്കത്തിൽ 40 കോടി രൂപയുടെ പദ്ധതിയാണ് കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞമാസം 8നാണ് ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയർ 27 കോടി രൂപയുടെ പരിഷ്കരിച്ച പദ്ധതി രൂപരേഖ തയാറാക്കി സമർപ്പിച്ചത്.
ഇതിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. കേന്ദ്ര അടിസ്ഥാന റോഡ് വികസന ഫണ്ടിൽനിന്നാണ് തുക അനുവദിക്കുന്നത് എന്നതിനാൽ, അവരുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് കേരള സർക്കാരിന്റെ ഉത്തരവാദിത്വത്തിലായിരിക്കും പാലം നിർമാണം പൂർത്തീകരിക്കേണ്ടത്.
പാലം നിർമാണവുമായി ബന്ധപ്പെട്ട് കർണാടക സർക്കാരും കേന്ദ്ര സർക്കാരിന് താൽപര്യപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിന്റെ സാമ്പത്തിക ബാധ്യതകൾ ഒന്നും തന്നെ കർണാടക സർക്കാർ വഹിക്കുന്നതല്ല.
പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് നിർമാണത്തിനായി ഇരുവശങ്ങളിലും ആവശ്യമായ സ്ഥലമെടുപ്പ്, നിർമാണ പ്രവർത്തനങ്ങൾ, മേൽനോട്ടം, തുടർ അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം കേരള പൊതുമരാമത്ത് വകുപ്പ് നേരിട്ട് നിർവഹിക്കണം. ഈ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് മരാമത്ത് വകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
കബനി നദിക്ക് കുറുകെ പാലം നിർമിക്കുന്നതിനായി 1994 സെപ്റ്റംബർ 24നാണ് കേരള, കർണാടക മുഖ്യമന്ത്രിമാർ ചേർന്ന് പദ്ധതിക്ക് തറക്കല്ലിട്ടത്. തുടർന്ന് വിവിധ കാരണങ്ങളാൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല.
വയനാട് എംപി പ്രിയങ്ക ഗാന്ധി എടുത്ത പ്രത്യേക താൽപര്യമാണ് ഈ പാലം നിർമാണത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് പെരിക്കലൂരിലെത്തി സ്ഥലം നേരിട്ട് സന്ദർശിച്ച അവർ കാര്യങ്ങൾ വിലയിരുത്തിയിരുന്നു.
തുടർന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ നേരിൽ കണ്ടുകൊണ്ട് പാലം യാഥാർത്ഥ്യമാക്കണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു.
കൂടാതെ, സംസ്ഥാന മരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറും ഈ വിഷയത്തിൽ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി മരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അടുത്തിടെ പെരിക്കല്ലൂർ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

