മാന്നാർ∙ വേനൽച്ചൂടിന്റെ ആദ്യ സൂചനകൾ പുറത്തുവന്നതോടെ പ്രദേശത്തെ പ്രധാന നദികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത് ജനങ്ങളിൽ ആശങ്ക പരത്തുന്നു. വർഷങ്ങളായി ജലാശയങ്ങളിൽ അടിഞ്ഞുകൂടി കിടക്കുന്ന എക്കൽമണ്ണും ചെളിയും മണലും മാലിന്യങ്ങളും നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി.
അച്ചൻകോവിലാറ്, പമ്പാനദി, കുട്ടംപേരൂർ ആറ് എന്നിവിടങ്ങളിലെ ജലനിരപ്പിലാണ് കാര്യമായ കുറവുണ്ടായിരിക്കുന്നത്. തുലാമഴ ശക്തമായാൽ ഈ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുമെങ്കിലും, വരാനിരിക്കുന്നത് കടുത്ത വരൾച്ചയായിരിക്കുമെന്ന ഭീതിയിലാണ് കർഷകരും പൊതുജനങ്ങളും.
നദീനവീകരണത്തിന്റെ ഭാഗമായി മണൽ വാരുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. അച്ചൻകോവിലാറിന്റെ പല ഭാഗങ്ങളിലും ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് കരകൾ തെളിഞ്ഞുതുടങ്ങി.
കൊല്ലകടവ്, പൊറ്റമേൽക്കടവ്, വഴുവാടി, ചെറുകോൽ തുടങ്ങിയ മേഖലകളിലാണ് ആറിന്റെ മധ്യഭാഗം വരെ കര തെളിഞ്ഞ് കാണപ്പെടുന്നത്. ഇതിനുപുറമെ, ഈ പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പും താഴ്ന്നു തുടങ്ങി.
പ്രധാന ജലസ്രോതസ്സുകളിലെ വെള്ളം വറ്റുന്നത് അപ്പർ കുട്ടനാട്ടിലെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കും. അടുത്ത മാസം ആദ്യവാരത്തോടെ പാടശേഖരങ്ങളിൽ വിത ആരംഭിക്കും.
തുടർന്ന് ആറായിരം ഏക്കർ വരുന്ന പാടശേഖരങ്ങൾ പച്ചയണിയുമെങ്കിലും, വേനൽ കനക്കുമ്പോൾ ജലലഭ്യത കുറഞ്ഞ് പാടങ്ങൾ വരണ്ടുപോകുന്ന സ്ഥിതിയാണ് സാധാരണയായി കണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ കടുത്ത വേനൽ മുന്നിൽക്കണ്ട് മേജർ ഇറിഗേഷൻ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

