തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കവെ തനിക്ക് നേരെ കയ്യേറ്റം ഉണ്ടായെന്നാരോപിച്ച് വനിതാ മാധ്യമപ്രവർത്തക ഡൽഹി പൊലീസ് കമ്മിഷണർക്ക് ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് മാധ്യമപ്രവർത്തകയായ റിച്ചാ പരാശർ ആവശ്യപ്പെട്ടിട്ടുണ്ട്.
മാർച്ചിൽ അണിനിരന്നവർ തന്നെ ബലമായി തള്ളിമാറ്റിയെന്നും ഇതിനുശേഷം ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. താൻ മൂന്ന് മാസം ഗർഭിണിയാണെന്നും അതിനാൽ ഈ വിഷയത്തെ അതീവ ഗൗരവത്തോടെ കാണണമെന്നും അവർ അഭ്യർത്ഥിച്ചു.
സുപ്രീം കോടതിക്ക് തൊട്ടുപുറത്തുവെച്ചാണ് ഈ അതിക്രമങ്ങൾ അരങ്ങേറിയതെന്ന് റിച്ചാ പരാശർ ആരോപിക്കുന്നു. മാർച്ചിൽ പങ്കെടുത്തുകൊണ്ട് ചോദ്യങ്ങൾ ചോദിക്കാനായി മൈക്ക് നീട്ടിയപ്പോൾ, തന്റെ തോളിൽ പിടിച്ചു വലിക്കുകയായിരുന്നുവെന്നും തൊട്ടുപിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ തള്ളിമാറ്റിയെന്നുമാണ് പ്രധാന ആരോപണം.
ഈ തള്ളലിൽ പടവുകളിൽ നിന്നും താഴേക്ക് വീണ തന്റെ മൊബൈൽ ഫോൺ പൂർണ്ണമായി തകർന്നതായും അവർ കൂട്ടിച്ചേർത്തു. തുടർന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
താൻ മൂന്ന് മാസം ഗർഭിണിയാണെന്ന വിവരം ആ സമയത്ത് ആരോടും വെളിപ്പെടുത്തിയിരുന്നില്ലെന്നും, പിന്നീട് ആശുപത്രിയിൽ വെച്ച് നഴ്സിനോട് ഇക്കാര്യം സൂചിപ്പിച്ചതിനെത്തുടർന്ന് എക്സ്റേ പരിശോധന ഒഴിവാക്കി അൾട്രാസൗണ്ട് സ്കാനിംഗ് നടത്തുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. കടുത്ത ഛർദ്ദിയെ തുടർന്നാണ് ഇവരെ പിന്നീട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
ഭാരതീയ ന്യായ് സംഹിതയിലെ സ്ത്രീത്വത്തെ അപമാനിക്കൽ (വകുപ്പ് 74), മനഃപൂർവം പരുക്കേൽപ്പിക്കൽ (വകുപ്പ് 115 (2)), പ്രകോപനമില്ലാതെ ആക്രമിക്കൽ (വകുപ്പ് 131), ജീവനു ഭീഷണിയാകുന്ന രീതിയിലുള്ള അശ്രദ്ധമായ പെരുമാറ്റം (വകുപ്പ് 125), പൊതു ഉദ്ദേശ്യത്തോടെയുള്ള കൂട്ടായ കുറ്റകൃത്യം (വകുപ്പ് 3(5)) തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

