കോഴിക്കോട് നഗരത്തിൽ രൂക്ഷമാകുന്ന പാർക്കിങ് പ്രതിസന്ധി മുതലെടുത്ത് അനധികൃത പാർക്കിങ് കേന്ദ്രങ്ങൾ വ്യാപകമാകുന്നതായി പരാതി. നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിൽ ആവശ്യത്തിന് പാർക്കിങ് സൗകര്യങ്ങളില്ലാത്തത് വ്യാപാരികളെയും സാധാരണക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് നഗരത്തിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തിൽ നഗരമധ്യത്തിലെ ഒഴിഞ്ഞുകിടക്കുന്ന ചെറിയ പ്ലോട്ടുകൾ പോലും യാതൊരു അനുമതിയും ഇല്ലാതെ സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുകയാണ്.
മണിക്കൂറിന് 50 മുതൽ 100 രൂപ വരെയാണ് കാറുകളിൽ നിന്നും ഈടാക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ നിന്നും വലിയ തുക ഈടാക്കുന്നുണ്ട്.
നഗരത്തിൽ ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യമാണെങ്കിലും, പലതും യാതൊരു അനുമതിയും ഇല്ലാതെയണ് പ്രവർത്തിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സാധാരണക്കാർ വഴിയിൽ വാഹനം നിർത്തിയിട്ടാൽ പൊലീസ് പിഴ ഈടാക്കുമെന്ന ഭയത്താൽ ഗതികെട്ടാണ് ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്.
എന്നാൽ ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് യാതൊരുവിധ സുരക്ഷയും ലഭിക്കുന്നില്ല. വാഹനങ്ങൾക്ക് പോറലുകളോ മറ്റ് കേടുപാടുകളോ ഉണ്ടായാൽ ജീവനക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കാറില്ല.
“പാർക്കിങ് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ” എന്ന ബോർഡ് വച്ച് ഇവർ തടിയൂരുന്നതാണ് പതിവ്. ചില പ്രദേശങ്ങളിൽ വ്യാപാരികൾ നേരിട്ട് സ്വകാര്യ ഏജൻസികളെ പാർക്കിങ് മാനേജ്മെന്റിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ഇടങ്ങളിൽ വാഹനങ്ങളുമായി എത്തുമ്പോൾ ഏജൻസി പ്രതിനിധികൾ വാഹനം ഏറ്റെടുത്ത് എ 어ടെയെങ്കിലും കൊണ്ടുപോയി പാർക്ക് ചെയ്യുകയാണ് പതിവ്. എന്നാൽ ഈ വാഹനങ്ങൾ എവിടേക്കാണ് മാറ്റുന്നതെന്നോ സുരക്ഷിതമാണോ എന്നോ വാഹന ഉടമകൾക്ക് അറിയാൻ സാധിക്കില്ല.
മാത്രമല്ല, ആവശ്യം കഴിഞ്ഞ് തിരികെ എത്തുമ്പോൾ വാഹനം ലഭിക്കാനായി ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നതായും പരാതിയുണ്ട്. അനധികൃത പാർക്കിങ് കേന്ദ്രങ്ങളിലെ ഈ കൊള്ള കാരണം വാഹന ഉടമകൾ വൻ സാമ്പത്തിക ചൂഷണത്തിനാണ് ഇരയാകുന്നത്.
ഒപ്പം നഗരസഭയ്ക്ക് ലഭിക്കേണ്ട ഭീമമായ റവന്യൂ വരുമാനവുമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.
ശാസ്ത്രീയമായ പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം നഗരത്തിൽ നടപ്പാക്കാത്തതാണ് ഇത്തരം ഇടനിലക്കാർക്ക് കൊള്ളലാഭം ഉണ്ടാക്കാൻ അവസരമൊരുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

