കാസർകോട് ജില്ലയിലെ തളങ്കര കടവത്ത് ഒരു കെട്ടിടത്തിലെ മുറിക്കുള്ളിൽ താമസിച്ചിരുന്ന നാലംഗ സംഘത്തിലെ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മുറിയുടെ വാതിൽ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നതും മരിച്ചയാളോടൊപ്പം ഉണ്ടായിരുന്നവരെ കാണാനില്ലാത്തതും സംഭവത്തിൽ വലിയ ദുരൂഹതയാണ് ഉയർത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം പുറത്തറിയുന്നത്. തളങ്കര കടവത്തെ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കട
നടത്തുന്നയാൾ മുകളിൽ ഷീറ്റിടാൻ കയറിയപ്പോഴാണു മുകളിലെ മുറിയിൽ നിന്ന് അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് ജനൽ വഴി നോക്കിയപ്പോൾ മുറിക്കുള്ളിൽ അനക്കമില്ലാതെ ഒരാൾ കിടക്കുന്നതു ശ്രദ്ധയിൽപ്പെടുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.
മരിച്ചയാളുടെ കഴുത്ത് മുറുക്കിയ നിലയിലാണുള്ളത്. കഴിഞ്ഞ 5 മുതലാണ് കർണാടക സ്വദേശികളായ നാല് പേർ ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്.
എന്നാൽ മരിച്ചയാളോടൊപ്പം മുറിയിൽ താമസിച്ചിരുന്ന മൂന്ന് പേരെ കാണാതയത് കേസിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. മരണവിവരം പുറത്തറിയുന്നതിനു മുൻപ് തന്നെ ഇവർ സ്ഥലത്തുനിന്നു കടന്നുകളഞ്ഞതായാണു പ്രാഥമിക വിവരം.
മുറിയിൽ താമസിച്ചിരുന്നവരെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

