രോഗികളുടെ കോൾ ലഭിച്ച് പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സംഭവസ്ഥലത്ത് എത്തിച്ചേരുന്ന നൂതന സംവിധാനത്തിന് തുടക്കമിടുകയാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. ഈ പദ്ധതി രാജ്യത്ത് തന്നെ പുതിയൊരു റെക്കോർഡായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 108 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുതിയതായി നിരത്തിലിറക്കുന്ന 335 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ കെ.മുരളീധരനും സി.പി.
ജോണും ചേർന്ന് നിർവഹിച്ചു. സാമ്പത്തിക പ്രതിസന്ധികൾ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാണ് സർക്കാർ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
കുറഞ്ഞ നിരക്കിൽ മികച്ച ഗുണനിലവാരമുള്ള ഔഷധങ്ങൾ സർക്കാർ എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കുന്നുണ്ട്. നിലവിലെ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്തുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കാൻ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുനലൂരിൽ ആരംഭിച്ച 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം നൽകുന്ന പ്രതീക്ഷാകേന്ദ്രം വൻ വിജയമായി മാറിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ തുടങ്ങിയ വിഭാഗങ്ങളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കും.
ഇതിനുള്ള നിർദേശം ഇതിനോടകം ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്നും ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു ദാക്ഷിണ്യവുമില്ലാതെ കർശന നടപടി സ്വീകരിക്കുമെന്നും, എന്നാൽ സർക്കാർ സർവീസിൽ സേവനം അനുഷ്്ടിക്കുന്ന ഡോക്ടർമാരെ സർക്കാർ പൂർണ്ണമായി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയോ നേറ്റൽ, അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട്, ബേസിക് ലൈഫ് സപ്പോർട്ട് എന്നീ സംവിധാനങ്ങൾ അടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലൻസുകളാണ് ഇപ്പോൾ നിരത്തിലിറക്കിയിട്ടുള്ളത്. ഇതിൽ വെന്റിലേറ്റർ സൗകര്യമുള്ള 14 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും, 6 നിയോ നേറ്റൽ ആംബുലൻസുകളും, കൂടാതെ ബേസിക് ലൈഫ് സപ്പോർട്ട് സംവിധാനമുള്ള 315 ആംബുലൻസുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ചടങ്ങിൽ നിയോ നേറ്റൽ ആംബുലൻസിന്റെ താക്കോൽ കൈമാറ്റം മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസിന്റെ താക്കോൽദാനം എംഎൽഎ ആര്യടൻ ഷൗക്കത്ത് നിർവഹിച്ചപ്പോൾ, ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസിന്റെ താക്കോൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് കൈമാറി.
നിയോ നേറ്റൽ ആംബുലൻസിനുള്ള എമർജൻസി കിറ്റ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷിയും, അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസിനുള്ള കിറ്റ് ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.
രേണു രാജും കൈമാറി. ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസിന്റെ എമർജൻസി കിറ്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.
കെ.വി. വിശ്വനാഥൻ ഏറ്റുവാങ്ങി.
തമ്പാനൂർ വാർഡ് കൗൺസലർ ആർ. ഹരികുമാർ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എം.ഡി.
ഇൻ ചാർജ് രാകേഷ് ആർ.യു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

