കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്.
ചികിത്സാപ്പിഴവാണ് കുഞ്ഞിന്റെ ജീവനെടുക്കാൻ കാരമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ് – ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് ദാരുണമായി മരണപ്പെട്ടത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും നഴ്സിന്റെയും ഭാഗത്തുനിന്നും ഗുരുതരമായ അശ്രദ്ധയുണ്ടായെന്നാരോപിച്ചാണ് പരാതി നൽകിയിട്ടുള്ളത്. തുടർനടപടികളുടെ ഭാഗമായി കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായി.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീകലയ്ക്ക് കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് ഭർത്താവ് സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കടുത്ത വേദനയുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ വിവരം അറിയിച്ചെങ്കിലും അവർ ഡോക്ടറെ അറിയിക്കാൻ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. വേദനകൊണ്ട് പുളഞ്ഞ പ്രസവവേദനയിലുള്ള സ്ത്രീയോട് നഴ്സ് മോശമായി പെരുമാറിയെന്നും കുടുംബം പറയുന്നു.
അതേസമയം, ബന്ധുക്കളുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് ആശുപത്രി അധികൃതർ രംഗത്തെത്തി. ആശുപത്രിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ ഔദ്യോഗിക വിശദീകരണം.
ചികിത്സാപ്പിഴവ് ആരോപണം അടിസ്ഥാനരഹിതമാണെന്നും, ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സംഭവത്തിൽ വകുപ്പുതലത്തിലും പൊലീസിന്റെ നേതൃത്വത്തിലും വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

