ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ രാത്രിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് ഇരുട്ടത്ത് ഇറക്കിവിട്ട സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടറിൽ നിന്ന് പൊലീസ് പിഴ ഈടാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ബസ് ഉടമ, മാനേജർ, ഡ്രൈവർ, കണ്ടക്ടർ എന്നിവരെ മലമ്പുഴ സ്റ്റേഷനിൽ വിളിച്ചുവരുത്തി കർശനമായി ശാസിച്ചു. സമാനമായ സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി.
പെൺകുട്ടിയെ വഴിയിൽ ഇറക്കിവിട്ട ദിവസം ബസിലുണ്ടായിരുന്ന കണ്ടക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല.
ഇതിനും പ്രത്യേകമായി പിഴ ഈടാക്കിയിട്ടുണ്ട്. സംഭവത്തിൽ ആർടിഒ ഔദ്യോഗികമായി റിപ്പോർട്ട് തേടിയിട്ടുണ്ട്.
യാത്രാക്കാരുമായി പുറപ്പെടുന്ന വാഹനങ്ങൾ അവരെ കൃത്യസ്ഥലത്ത് എത്തിക്കാതെ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുന്ന പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും അത്തരം ബസുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആർടിഒ അറിയിച്ചു. കഴിഞ്ഞ 13നു രാത്രിയാണു മലമ്പുഴയിലേക്കു പോവുകയായിരുന്ന പെൺകുട്ടിയെ 4 കിലോമീറ്റർ മുൻപു ചെറാട് ഭാഗത്ത് ഇറക്കിവിട്ടത്.
“ബസിൽ പെൺകുട്ടി മാത്രമാണുണ്ടായിരുന്നത്. ഒരാൾ മാത്രമായതിനാൽ ബസ് മലമ്പുഴയിലേക്കു പോകില്ലെന്നും ഇറങ്ങണമെന്നും കണ്ടക്ടറും ഡ്രൈവറും ആവശ്യപ്പെട്ടു.
വഴിയിൽ ഇരുട്ടാണെന്നും വന്യമൃഗ ശല്യമുണ്ടാകുമെന്നും പറഞ്ഞിട്ടും ഫലമുണ്ടായില്ല” എന്ന് വിദ്യാർഥി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

