ചൊവ്വാഴ്ച ഉച്ചയോടെയാണ് മുഴക്കുന്ന് ടൗണിനുസമീപം കുരങ്ങ് ഷോക്കേറ്റുകിടക്കുന്ന വിവരം നാട്ടുകാർ മുഴക്കുന്ന് പൊലീസിൽ വിളിച്ചറിയിച്ചത്. തുടർന്ന് എസ്ഐ ബിജു വാഗേരി പൊലീസ് ജീപ്പുമായി കുരങ്ങിനെ തേടിയിറങ്ങുകയും ഒപ്പം വനം വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു.
വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് വീണ കുരങ്ങ്, ഒരു രാവും ഒരു പകലും പൊലീസിനെയും മൃഗസംരക്ഷണ വകുപ്പിനെയും കുരങ്ങുകളിപ്പിച്ചശേഷം കാട്ടിൽക്കയറി. ചാക്കിൽ വാരിയെടുത്ത് പൊലീസ് ജീപ്പിൽ ആദ്യം കാക്കയങ്ങാട് മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല.
തൊട്ടടുത്ത തില്ലങ്കേരി ആശുപത്രിയിലെ ഡോക്ടർ ഡ്യൂട്ടിസമയം കഴിഞ്ഞ് തിരികെ പോവുകയും ചെയ്തിരുന്നു. പിന്നീട് ഇരിട്ടി മൃഗാശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയ കുരങ്ങിനെ മൃഗാശുപത്രിയുടെ ശുചിമുറിയിൽ കിടത്തി.
രാത്രിയോടെ ബോധം തിരികെ കിട്ടിയ കുരങ്ങ് തനിസ്വരൂപം കാണിക്കാൻ തുടങ്ങി. ചാടിക്കളിച്ചും വാതിലിൽ ഇടിച്ചും മലക്കം മറിഞ്ഞും ബഹളംവച്ചു തുടങ്ങിയതോടെ ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാനൊരുങ്ങി.
ഇതോടെ കുരങ്ങ് അടുത്ത അടവ് പ്രയോഗിച്ചു. പുറത്ത് നിന്ന് ജീവനക്കാർ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ കുരങ്ങ് വാതിൽ അകത്തുനിന്ന് തള്ളിപ്പിടിച്ചു.
അക്രമാസക്തനായ കുരങ്ങ് ആക്രമിക്കുമെന്ന ഭയം വേറെയും. ഇന്നലെ ഉച്ചവരെ കുരങ്ങിനെ പേടിച്ച് ആശുപത്രിജീവനക്കാർ ശുചിമുറി ഉപയോഗിക്കാതെ കഴിഞ്ഞു.
കുരങ്ങ് അകത്തും ജീവനക്കാർ പുറത്തുമായി തുടരുന്ന പ്രതിസന്ധിയറിഞ്ഞ് വനംവകുപ്പ് വാച്ചർ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി. ഇന്നലെ ഉച്ചയോടെ കുരങ്ങ് മയക്കത്തിലായ സമയം നോക്കി ഫൈസൽ കുരങ്ങിനെ കൂട്ടിലാക്കി വനത്തിൽ കൊണ്ടുവിട്ടു.
ഇതോടെയാണ് ഒരു രാവും പകലും നീണ്ട കുരുങ്ങുകളിക്ക് അവസാനമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

