തനതു കാർഷിക രീതികളുടെയും പൈതൃക നെല്ലിനങ്ങളുടെയും സംരക്ഷണത്തിലൂടെ രാജ്യശ്രദ്ധ നേടിയ പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമൻ (തലക്കര ചെറിയ രാമൻ – 74) അന്തരിച്ചു. ജൈവകൃഷിയുടെ കാവലാളായി അറിയപ്പെട്ടിരുന്ന അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടപറഞ്ഞത്.
ഹൃദയധമനിയിലെ സ്റ്റെൻഡ് വാൽവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടു ദിവസം മുൻപ് അദ്ദേഹത്തെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ‘വയനാടിന്റെ നെല്ലച്ഛൻ’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
ബുധനാഴ്ച രാത്രി മാനന്തവാടിയിലെ വസതിയിലെത്തിക്കുന്ന ഭൗതികശ ശരീരം വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ 11 വരെ കമ്മന നവോദയം സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കൊടുമയിലെ സമുദായ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
പരമ്പരാഗത കൃഷിയുടെ പാതയിലേക്ക്
1952 ജൂൺ ആറിന് മാനന്തവാടി എടവക കമ്മനയിലെ ചെറുവയൽ കുറിച്യ തറവാട്ടിൽ കേളപ്പന്റെയും തേയിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. അഞ്ചാം ക്ലാസ് വരെ ഔദ്യോഗിക വിദ്യാഭ്യാസം നേടിയ രാമൻ, പത്താം വയസ്സിൽ അമ്മാവന്റെകൊപ്പം പാടത്തിറങ്ങിയാണ് കൃഷിയിലേക്ക് തിരിഞ്ഞത്.
പതിനേഴാം വയസ്സിൽ അമ്മാവൻ അന്തരിച്ചതോടെ ഗോത്രത്തിന്റെയും കാർഷിക ചുമതലകളുടെയും മുഴുവൻ ഉത്തരവാദിത്വവും അദ്ദേഹത്തിന്റെ കർത്തവ്യമായി മാറി. കൂട്ടുകുടുംബ സമ്പ്രദായം നിലനിന്നിരുന്ന തറവാട്ടിൽ അമ്മാവൻ ഏൽപ്പിച്ച നെൽവിത്തുകളും കന്നുകാലികളെയും ഏക്കറുകണക്കിന് ഭൂമിയും അദ്ദേഹം യാതൊരു കുറവും കൂടാതെ സംരക്ഷിച്ചുപോന്നു.
1969-ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കണ്ണൂർ ഡിഎംഒ ഓഫിസിൽ 150 രൂപ ശമ്പളത്തിൽ വാർഡൻ ജോലി ലഭിച്ചെങ്കിലും, കൃഷിയോടുള്ള അടങ്ങാത്ത ആത്മബന്ധം കാരണം ആ ഔദ്യോഗിക ജോലി അദ്ദേഹം ഉപേക്ഷിക്കുകയാണുണ്ടായത്. മൺചുമരും മുളയും ഉപയോഗിച്ച് നിർമ്മിച്ച ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാരമ്പര്യ തറവാട്ടു വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം.
സങ്കരയിനം വിത്തുകളുടെ കടന്നുവരവോടെ തനതായ നാടൻ നെല്ലിനങ്ങൾ നാമാവശേഷമാകുന്നുവെന്ന തിരിച്ചറിവാണ് 1990-കളിൽ വയനാടിന്റെ വിവിധ കോണുകളിൽ നിന്ന് വിത്തുകൾ ശേഖരിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. അൻപതിലേറെ വ്യത്യസ്ത നെല്ലിനങ്ങൾ സംരക്ഷിക്കാനും, പാരമ്പര്യമായി ലഭിച്ച അഞ്ചേക്കർ പാടശേഖരത്തിൽ നാൽപതിലേറെ ഇനം നെല്ലുകൾ കൃഷി ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.
ജൈവകൃഷിയുടെ തിരിനാളം
കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം, ഗന്ധകശാല, തൊണ്ടി, വെളിയൻ, ചെറുവയൽ തുടങ്ങി നിരവധി അപൂർവ നെൽവിത്തുകളുടെ കാവലാളായിരുന്നു അദ്ദേഹം. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പൂർണമായും ജൈവരീതിയിലായിരുന്നു കൃഷിയിറക്കിയിരുന്നത്.
മണ്ണിൽ രാസവളങ്ങൾ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ മുൻകൂട്ടി കണ്ട് അദ്ദേഹം ജൈവകൃഷിയിലേക്ക് പൂർണ്ണമായി ചുവടുമാറുകയായിരുന്നു. ഏത് പ്രദേശത്തെ ആവാസവ്യവസ്ഥയിലാണ് ഏത് നെല്ലിനം മികച്ച വിളവ് തരുകയെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന അദ്ദേഹം, തന്നെ തേടിയെത്തുന്ന വിദ്യാർത്ഥികൾക്കും കാർഷിക ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും കൃഷിയുടെ നല്ല പാഠങ്ങൾ പകർന്നുനൽകി.
ലളിതമായ ഭാഷയിൽ കാർഷിക അറിവുകൾ പങ്കുവെച്ചാണ് അദ്ദേഹം ഓർമ്മയാകുന്നത്. “വിത്ത് സ്നേഹമാണ് ചരക്കല്ല” എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
ആർക്കും വിത്ത് വിൽപ്പന നടത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. പകരം, ആവശ്യക്കാർക്ക് വിത്ത് സൗജന്യമായി നൽകുകയും, അടുത്ത വർഷം വിളവെടുക്കുമ്പോൾ അത്രയും തന്നെ വിത്ത് തിരികെ നൽകണമെന്നുമുള്ള നിബന്ധന മാത്രമാണ് അദ്ദേഹം വെച്ചിരുന്നത്.
കൃഷിമേഖലയിലെ ഈ മാതൃകാപരമായ സംഭാവനകൾ മാനിച്ച് 2025-ൽ സംസ്ഥാന സർക്കാർ കാർഷിക സർവകലാശാലയുടെ പ്രഫസർ ഓഫ് പ്രാക്ടിസ് പദവി നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. അംഗീകാരങ്ങളുടെ നിറവിൽ
പരമ്പരാഗത കൃഷിരീതികളെ നെഞ്ചിലേറ്റിയ അദ്ദേഹത്തെ തേടി ഒട്ടനവധി പുരസ്കാരങ്ങളെത്തിയിട്ടുണ്ട്.
2023-ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ പുരസ്കാരമായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നാഷനൽ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2011-ൽ ഹൈദരാബാദിൽ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് 11 രാജ്യങ്ങൾ പങ്കെടുത്ത രാജ്യാന്തര സമ്മേളനത്തിലും, 2018-ൽ ബ്രസീലിൽ നടന്ന ട്രൈബൽ കോൺഗ്രസിലും അദ്ദേഹം കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ഗീത.
മക്കൾ: രമണി, രമേശൻ (എടവക ഗ്രാമപ്പഞ്ചായത്തംഗം, നല്ലൂർനാട് സർവീസ് ബാങ്ക് ജീവനക്കാരൻ), രാജേഷ് (ഓട്ടോ ഡ്രൈവർ), രജിത.
മരുമക്കൾ: തങ്കമണി, ഉണ്ണികൃഷ്ണൻ, രജിത, പരേതനായ രാജൻ.

