നാലു പതിറ്റാണ്ടുകളായി അറിവിന്റെ ആദ്യപാഠങ്ങൾ കുറിക്കാൻ ഒരു കുടുംബം മുഴുവൻ ഒരേ വേദിയിലെത്തുന്ന അപൂർവ്വ കാഴ്ചയാണ് കോഴിക്കോട് നിന്നുളള ഈ വാർത്ത. ‘ഓരോ വിദ്യാരംഭക്കാലത്തും അക്ഷരമുറ്റത്തേക്കുവരാൻ ഞങ്ങൾ കാത്തിരിക്കും.
ഇത്തവണയും വിദ്യാരംഭത്തിൽ പങ്കെടുക്കാൻ അവസരമുണ്ടോ എന്നു കുടുംബത്തിൽ പരസ്പരം ചോദിച്ചിട്ടുണ്ട്…’ എന്ന് നാലു വർഷം മുൻപ് അക്ഷരമുറ്റത്ത് ആദ്യാക്ഷരം കുറിച്ച ദേവാൻഷിന്റെ അച്ഛൻ ശരത്ത് സന്തോഷത്തോടെ ഓർക്കുന്നു. കോഴിക്കോട് അഞ്ചാംഗേറ്റിനു സമീപം അയനിപ്പുള്ളി തറവാട്ടിൽ നിന്ന് ഇതുവരെ ഒൻപത് കുട്ടികളാണ് വിവിധ കാലഘട്ടങ്ങളിലായി ആദ്യാക്ഷരം കുറിച്ചത്.
2022-ൽ ആണ് ദേവാൻഷ് ശരത്തും ഇതേ കുടുംബത്തിലെ ജൈത്രയും ഒരുമിച്ച് വിദ്യാരംഭം കുറിച്ചത്. അയനിപ്പുള്ളി തറവാട്ടിലെ ജിതിന്റെയും അഭിനയുടെയും മകളാണ് ജൈത്ര.
കഴിഞ്ഞ വർഷം അദ്വികയെന്ന കൊച്ചുമിടുക്കിയും അക്ഷരമെഴുതി. ക്രിസ്ത്യൻ കോളജിനു സമീപം താമസിക്കുന്ന നിപുണിന്റെയും അതുല്യയുടെയും മകളാണ് അദ്വിക.
അയനിപ്പുള്ളി കുടുംബത്തിൽ നിന്ന് 19 വർഷം മുൻപ് പവിത്രയെന്ന കുട്ടിയാണ് ആദ്യമായി വിദ്യാരംഭ ചടങ്ങിനെത്തിയത്. അന്ന് പ്രശസ്ത സാഹിത്യകാരൻ സുകുമാർ അഴീക്കോട് ആണ് പവിത്രയെ അക്ഷരമെഴുതിച്ചത്.
പവിത്ര ഇപ്പോൾ എൻഐടിയിൽ ഉപരിപഠനം നടത്തുകയാണ്. തുടർന്ന് തനവ്, തേജസ്, നിവേദ്, അനവ്, ആത്മിക എന്നിവരും പിൽക്കാലത്ത് ആദ്യാക്ഷരം എഴുതാനെത്തി.
ഓരോ വർഷവും എഴുത്തിനിരുത്തൽ ചടങ്ങിന്റെ ചിത്രങ്ങളിൽ കുടുംബാംഗങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കുഞ്ഞുങ്ങളെ വിദ്യാരംഭത്തിനായി എത്തിക്കുന്നത് കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ചേർന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

