മലപ്പുറം ജില്ലയിലെ പോരൂർ ചെറുകോട് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ അതിക്രമിച്ച് കയറി പണം കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. നൂറ്റമ്പതോളം മോഷണക്കേസുകളില്‍ പ്രതിയായ ഷാജഹാന് (51) ആണ് പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മോഷണം നടന്നത്. ഇരുമ്പുവടി ഉപയോഗിച്ച് പമ്പിന്റെ ഗ്ലാസ് തകർത്താണ് പ്രതി അകത്തുകടന്നത്.
തുടർന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ടായിരത്തോളം രൂപ കവർച്ച ചെയ്യുകയായിരുന്നു. മോഷണത്തിന് ശേഷം പണം ഉപയോഗിച്ച് ബാറിൽ നിന്ന് വിലകൂടിയ മദ്യം വാങ്ങി കുടിച്ചതായി പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ തിരിച്ചറിയാൻ സഹായിച്ചത്. അർധരാത്രിയോടെ കെ.എസ്.ആർ.ടി.സി ബസിൽ വണ്ടൂരിലെത്തിയ ഷാജഹാൻ, കൃത്യത്തിനു ശേഷം മറ്റൊരു ബസിൽ പെരിന്തൽമണ്ണ ഭാഗത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തി.
കേരളത്തിനകത്തും പുറത്തുമായി നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയാണെന്ന് പോലീസ് വ്യക്തമാക്കി. ഒരു മാസം മുൻപാണ് പ്രതി പെരിന്തൽമണ്ണ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
ജയിൽ മോചിതനായി അധികനാൾ കഴിയും മുൻപാണ് വീണ്ടും സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത്. വർഷങ്ങൾക്ക് മുൻപ് വണ്ടൂരിലെ മറ്റൊരു പെട്രോൾ പമ്പിൽ നടന്ന മോഷണക്കേസിലും ഇയാൾ കൂട്ടുപ്രതിയായിരുന്നു.
വണ്ടൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ സ്വയംപ്രഭ, ഷിഫിന് കുപ്പനത്ത്, സ്ക്വാഡ് അംഗങ്ങളായ കെ.ടി. ആസിഫ് അലി, സാബിറലി, പി.
സജീഷ്, സി.കെ. സജേഷ്, എം.
കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

