ഡൽഹിയിൽ സുരക്ഷാ സംവിധാനങ്ങളെയും പൊലീസിനെയും വെട്ടിച്ച് സിജെപി നേതാക്കളും പ്രവർത്തകരും ജന്തർമന്തറിൽ പ്രവേശിച്ചു. സമരസ്ഥലത്തേക്ക് പ്രവേശിക്കുന്നതിനായി ചില പ്രവർത്തകർ സമീപത്തുള്ള ജെഡിയു ഓഫിസിന്റെ ഗെയ്റ്റിനു മുകളിലൂടെയാണ് ചാടിക്കടന്നത്.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. പൊലീസ് ഇടപെടലിനെ തുടർന്ന് അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരെ കസ്റ്റഡിയിലെടുത്തതായി അഭിജിത് ദിപ്കെ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ പതാകയായ ത്രിവർണ പതാക കൈയിലേന്തിയാണ് പ്രവർത്തകർ ജന്തർമന്തറിനുള്ളിലേക്ക് കയറിയത്. സമരത്തിന് അനുമതി തേടി സിജെപി ഇന്നലെ ഡൽഹി പൊലീസിന് ഔദ്യോഗികമായി അപേക്ഷ നൽകിയിരുന്നു.
24 മണിക്കൂറിനുള്ളിൽ അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സ്വന്തം നിലയ്ക്ക് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നായിരുന്നു സംഘടനയുടെ മുന്നറിയിപ്പ്. എന്നാൽ, അപേക്ഷ ലഭിച്ച് മണിക്കൂറുകൾക്കകം ജന്തർമന്തറിൽ സമരം അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡൽഹി പൊലീസ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കർശന സുരക്ഷയെ മറികടന്നുള്ള പ്രവർത്തകരുടെ പ്രതിഷേധ പ്രവേശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

