നഗരത്തിൽ രാത്രികാലങ്ങളിൽ അമിതവേഗത്തിലും അപകടനിലയിലും പായുന്ന ആഡംബര കാറുകൾ നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു. പല ദിവസങ്ങളിലും രാത്രി 10നു ശേഷം ബൈപാസ് റോഡിലൂടെ രണ്ട് ആഡംബര കാറുകൾ അതിവേഗത്തിൽ സഞ്ചരിക്കുന്നതായാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്.
സൈലൻസറിൽ നിന്ന് തീപ്പൊരി പറത്തിയാണ് ഈ വാഹനങ്ങളുടെ യാത്ര. റെയിൽവേ ജംക്ഷനിൽ നിന്നു പാലാത്ര ഭാഗത്തേക്കാണ് ഇവ പ്രധാനമായും പോകുന്നത്.
രാത്രിസമയങ്ങളിൽ പാലാത്ര ഭാഗത്ത് കടകൾക്കു മുൻപിൽ ആളുകൾ നിൽക്കുന്നത് കണ്ടാൽ, കാറുകളുടെ സൈലൻസറിൽ നിന്ന് പടക്കം പൊട്ടുന്നതിന് സമാനമായ ശബ്ദം ഉണ്ടാക്കുന്നത് പതിവാണ്. ഇവിടെ നിന്ന് യുടേൺ എടുത്ത് വീണ്ടും റെയിൽവേ ഭാഗത്തേക്ക് അതിവേഗം പാഞ്ഞുപോകുന്ന വാഹനങ്ങൾ കാരണം തലനാരിഴയ്ക്കാണ് മറ്റ് യാത്രക്കാർ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്.
ബൈപാസ് റോഡിലെ മോട്ടർവാഹന വകുപ്പിന്റെ ക്യാമറകൾ പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായെന്നും, അടിയന്തരമായി പൊലീസ് ഇടപെട്ട് കർശന നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഇതിന് പുറമെ, നഗരത്തിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും വലിയ ഭീഷണിയാകുന്നുണ്ട്.
ചങ്ങനാശേരി – വാഴൂർ റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവായിരിക്കുകയാണ്. തിരക്കേറിയ രാവിലെയും വൈകിട്ടുമാണ് ബസുകൾ പരസ്പരം മത്സരിച്ച് പായുന്നത്.
റെയിൽവേ ജംക്ഷനിലെ സിഗ്നലും, കുരിശുംമൂട്, തെങ്ങണ ജംക്ഷനുകളിലെ ഗതാഗതക്കുരുക്കും കാരണം നഷ്ടപ്പെടുന്ന സമയം പരിഹരിക്കാനാണ് പലപ്പോഴും ബസുകൾ അമിത വേഗത സ്വീകരിക്കുന്നത്. റെയിൽവേ ജംക്ഷനിൽ അപകടകരമായ രീതിയിൽ മറ്റ് വാഹനങ്ങളെ മറികടന്ന് ബസുകൾ പോകുന്നതും തുടർഹോണുകൾ മുഴക്കി യാത്രക്കാരെ ഭയപ്പെടുത്തുന്നതും പതിവു കാഴ്ചയാണ്.
പെരുമ്പനച്ചി – കുറുമ്പനാടം – തോട്ടയ്ക്കാട്ട് റൂട്ടിൽ വൈകുന്നേരങ്ങളിൽ സ്വകാര്യ ബസുകൾ അമിത വേഗതയിലാണ് സർവീസ് നടത്തുന്നത്. കുറുമ്പനാടത്ത് നിന്ന് വിദ്യാർഥികളെയും കൊണ്ട് പാഞ്ഞുകയറുന്ന ബസുകൾക്കെതിരെ നിരന്തരം പരാതി ഉയരുന്നുണ്ട്.
പരിഭ്രാന്തരായ മുതിർന്ന യാത്രക്കാർ ബസിനുള്ളിൽ വെച്ച് ജീവനക്കാരെ ചോദ്യം ചെയ്ത സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ താക്കീത് ലഭിച്ച ഒരു സ്വകാര്യ ബസ് അടുത്തയിടെ അപകടത്തിൽ പെട്ടിരുന്നുവെങ്കിലും, യാതൊരു മാറ്റവുമില്ലാതെ വീണ്ടും അമിതവേഗതയിലാണ് ഈ ബസ് സർവീസ് തുടരുന്നത്.
ഇത്തരം നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ചങ്ങനാശേരി ഒന്നാം നമ്പർ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇന്നലെ 50 സ്വകാര്യ ബസുകൾ പരിശോധിച്ചു.
കേടായ ടയറുകൾ ഉപയോഗിച്ച് സർവീസ് നടത്തിയ 3 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. കൂടാതെ ജിപിഎസ് സംവിധാനം പ്രവർത്തിക്കാത്ത 3 ബസുകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഇതിനുപുറമേ, കഴിഞ്ഞ ദിവസം പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പായിപ്പാട് മേഖലയിലേക്ക് സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ സ്വകാര്യ ബസുകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
ജോയിന്റ് ആർടിഒ എസ്.എൻ.ശിവകുമാറിന്റെ നിർദേശപ്രകാരം എംവിഐ അജിത് ചന്ദ്രൻ, എഎംവിമാരായ അൻഷാദ്, അനു കെ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിശോധനകൾ നടന്നത്. മത്സര ഓട്ടങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ, ചങ്ങനാശേരി ആർടി ഓഫിസിൽ മതിയായ ജീവനക്കാരില്ലാത്തത് ഓഫിസിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നുണ്ട്. വാഹനാപകടങ്ങൾ പെരുകുന്ന ഈ സാഹചര്യത്തിൽ റോഡ് പരിശോധനകൾ കാര്യക്ഷമമായി നടത്താൻ ജീവനക്കാരുടെ കുറവ് വലിയ തടസ്സമാകുന്നുണ്ട്.
കൂടാതെ ഓഫിസിലെ ഫയൽ നീക്കത്തെയും ജീവനക്കാരുടെ അപര്യാപ്തത പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

