സഹപ്രവർത്തകയുടെ കുടിവെള്ളത്തിൽ കാഡ്മിയം കലർത്തിയ കുറ്റത്തിന് ലഭിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെമിക്കൽ എൻജിനീയർ കോടതിയിൽ ഹർജി നൽകി. കലിഫോർണിയയിലാണ് സംഭവം.
ബെർക്ക്ലി എഞ്ചിനീയറിങ് ആൻഡ് റിസർച്ചിലെ ഡേവിഡ് സൂ ആണ് സഹപ്രവർത്തകയായ റോങ് യുവാന് വിഷം നൽകിയത്. 18 മാസത്തോളം രഹസ്യമായി വിഷം നൽകിയ കേസിൽ 2019-ലാണ് ഡേവിഡ് അറസ്റ്റിലായത്.
വിഷം കലർത്തുന്ന ദൃശ്യങ്ങൾ രഹസ്യക്യാമറയിൽ പതിഞ്ഞതോടയാണ് ഇയാൾ പിടിയിലായത്. 2017 മുതൽ 2019 വരെയുള്ള കാലത്ത് ഡേവിഡ് യുവാന്റെ ഭക്ഷണത്തിലും കുടിവെള്ളത്തിലും കാഡ്മിയം കലർത്തിയെന്നാണ് കേസ്.
തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതോടെയാണ് തന്റെ ശരീരത്തിൽ വിഷം കലർന്ന വിവരം യുവതി തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് 2019-ൽ യുവാൻ തന്റെ ഓഫിസിലെ മേശപ്പുറത്ത് ഒരു രഹസ്യ ക്യാമറ സ്ഥാപിക്കുകയായിരുന്നു.
ഈ ക്യാമറയിലാണ് ഡേവിഡ് കുടിവെള്ളത്തിൽ വിഷം കലർത്തുന്ന ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
യുവാന്റെ ആരോഗ്യനില വഷളായപ്പോൾ ഡേവിഡ് ആശങ്കയുള്ളതായി നടിക്കുകയും, ജോലിസ്ഥലത്തെ പൂപ്പലായിരിക്കാം അസുഖത്തിന് കാരണമെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയും ചെയ്തതായി സഹപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. 2018 നവംബർ 27-ന് യുവാൻ തനിക്ക് കടുത്ത ഛർദ്ദിയാണെന്ന് പറഞ്ഞപ്പോൾ, ആരോഗ്യം വീണ്ടെടുക്കുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് സൂ മറുപടി നൽകിയത്.
‘‘എന്റെ രക്തം തണുത്തുറഞ്ഞുപോയി’’ എന്നാണ് ആ ദൃശ്യം കണ്ടപ്പോൾ തനിക്കുണ്ടായ അനുഭവം യുവാൻ വ്യക്തമാക്കിയിട്ടുള്ളത്. മരണത്തെ വളരെ അടുത്തു കണ്ടതായും അയാളെ വെറുതെ വിടാനാവില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
2019 മാർച്ചിലാണ് വധശ്രമം, വിഷം നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തി ഡേവിഡിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 2 ദശലക്ഷം യുഎസ് ഡോളർ ജാമ്യത്തിലാണ് ഇയാൾ പുറത്തിറങ്ങിയത്.
2023 അവസാനത്തോടെ അന്നത്തെ അലമേഡ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുമായി ഡേവിഡ് ഒത്തുതീർപ്പ് കരാറിലെത്തി. കേസിലെ വധശ്രമക്കുറ്റങ്ങൾ ഒഴിവാക്കണമെന്നും വിഷം നൽകിയെന്ന ഒറ്റ ക്രിമിനൽ കുറ്റം മാത്രം നിലനിർത്തണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.
ഇതിനെത്തുടർന്ന് ഡേവിഡിന് രണ്ട് വർഷത്തെ പ്രൊബേഷൻ ശിക്ഷ വിധിക്കുകയായിരുന്നു. തനിക്കുണ്ടായ മാനസികവും ശാരീരികവുമായ ദുരിതങ്ങൾക്ക് ഏകദേശം 500,000 യുഎസ് ഡോളർ നഷ്ടപരിഹാരമായി യുവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, 7,058 യുഎസ് ഡോളർ നൽകാനാണ് കോടതി ഉത്തരവിട്ടത്.
2026 മാർച്ച് മാസത്തിലാണ് ഡേവിഡ് പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയത്. ഇത് പൂർത്തിയായതിന് പിന്നാലെയാണ് താൻ കുറ്റക്കാരനാണെന്ന വിധി ഔദ്യോഗികമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിച്ചിരിക്കുന്നത്.
കലിഫോർണിയയിലെ കുറ്റവിമുക്തമാക്കൽ നിയമപ്രകാരം പ്രൊബേഷൻ പൂർത്തിയാക്കുന്നത് ഉൾപ്പെടെയുള്ള നിയമപരമായ നിബന്ധനകൾ പാലിക്കുന്ന പ്രതികൾക്ക് അവരുടെ ശിക്ഷ റദ്ദാക്കാൻ അർഹതയുണ്ട്. എന്നാൽ ഡേവിഡ് കുറ്റം ചെയ്യുന്നതിന്റെ കൃത്യമായ വീഡിയോ ദൃശ്യങ്ങൾ തെളിവായി നിലനിൽക്കെയാണ് പ്രതിയുടെ ഈ പുതിയ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

