ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് പുത്തൻ മോഡലുമായി ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ രംഗത്ത്. കമ്പനിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്യുവിയായ ഐഡി ടിഗ്വാൻ 2027ന്റെ തുടക്കത്തിൽ യൂറോപ്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന ഈ വാഹനത്തിൽ മൂന്ന് വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായോഗിക ഉപയോഗത്തിനൊപ്പം മികച്ച ക്യാബിൻ സൗകര്യങ്ങളും നൂതന ഡിസൈനുമാണ് ഈ പുതിയ വാഹനത്തിന്റെ പ്രധാന സവിശേഷതകൾ.
പുതിയ ഡിസൈനും പ്രീമിയം ക്യാബിനും ഫോക്സ്വാഗന്റെ ‘പ്യുവർ പോസിറ്റീവ്’ ഡിസൈൻ ശൈലിയാണ് ഐഡി. ടിഗ്വാനിൽ സ്വീകരിച്ചിരിക്കുന്നത്.
ആകർഷകമായ എൽഇഡി ലൈറ്റുകളും ഉയർന്ന എസ്യുവി രൂപഭാവവുമുള്ള മുൻഭാഗവും വാഹനത്തിന് തികച്ചും വ്യത്യസ്തമായ ഒരു ലുക്ക് നൽകുന്നുണ്ട്. നിലവിലുള്ള ഐഡി.4, ഐഡി.5 മോഡലുകൾക്ക് പകരമായി ആഗോള ഇലക്ട്രിക് വാഹന നിരയിലേക്ക് ഈ പുതിയ മോഡലിനെ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വാഹനത്തിന്റെ അകത്തളത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്രൈവർക്കായി 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിനായി 15 ഇഞ്ച് ടച്ച്സ്ക്രീനുമാണ് നൽകിയിട്ടുള്ളത്.
കൂടാതെ മുൻവശത്തെ യാത്രക്കാരനായി മറ്റൊരു 12 ഇഞ്ച് സ്ക്രീനും ലഭ്യമാക്കിയിട്ടുണ്ട്. പനോരമിക് സൺറൂഫ്, മസാജ്, വെന്റിലേഷൻ സൗകര്യങ്ങളുള്ള മുൻ സീറ്റുകൾ, ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ 58 കിലോവാട്ട് അവർ ബാറ്ററിയും 188 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറുമാണ് അടിസ്ഥാന പതിപ്പിൽ സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ 77 കിലോവാട്ട് അവർ ബാറ്ററിയുള്ള ഉയർന്ന പതിപ്പിന് 282 എച്ച്പി കരുത്തുണ്ടായിരിക്കും.
ഇതിന്റെ ടോപ് വേരിയന്റിൽ ഓൾ-വീൽ ഡ്രൈവ് സംവിധാനവും 299 പി.എസ് പരമാവധി കരുത്തുമാണ് ലഭിക്കുന്നത്. വേരിയന്റിന് അനുസരിച്ച് ഡബ്ല്യുഎൽടിപി പരിശോധനാ മാനദണ്ഡപ്രകാരം ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് ഫോക്സ്വാഗന്റെ അവകാശവാദം.
എങ്കിലും കാലാവസ്ഥ, ഡ്രൈവിങ് രീതി, റോഡിന്റെ അവസ്ഥ തുടങ്ങിയ ഘടകങ്ങൾ യഥാർഥ റേഞ്ചിനെ സ്വാധീനിച്ചേക്കാം. വൺ പെഡൽ ഡ്രൈവിങ്, കണക്റ്റഡ് ട്രാവൽ അസിസ്റ്റ്, ട്രാഫിക് ലൈറ്റുകൾ തിരിച്ചറിയാൻ സാധിക്കുന്ന ഡ്രൈവർ അസിസ്റ്റ് സംവിധാനം തുടങ്ങിയവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് പുറമേയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന വി2എൽ സംവിധാനവും ഇതിലുണ്ട്. രണ്ട് ടൺ വരെ ഭാരം വലിച്ചുകൊണ്ടുപോകാനുള്ള ശേഷിയും ഈ പുതിയ എസ്യുവിക്കുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഇന്ത്യയിലെത്തുമോ? 2027ന്റെ തുടക്കത്തിൽ യൂറോപ്പിൽ വിൽപ്പന ആരംഭിക്കാനാണ് ഫോക്സ്വാഗൺ ലക്ഷ്യമിടുന്നത്. നിലവിലുള്ള പെട്രോൾ, ഡീസൽ, ഹൈബ്രിഡ് ടിഗ്വാൻ മോഡലുകൾക്ക് പകരമായല്ല ഈ ഇലക്ട്രിക് പതിപ്പ് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇവയ്ക്കൊപ്പം തന്നെ ഐഡി ടിഗ്വാനും സമാന്തരമായി വിൽപ്പനയ്ക്കുണ്ടാകും. എന്നാൽ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ, ഇന്ത്യൻ വിപണിയിലേക്കുള്ള വാഹനത്തിന്റെ വരവിനായി വാഹനപ്രേമികൾ കാത്തിരിക്കേണ്ടിവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

