സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ. ശ്യാം കൃഷ്ണന് നിയമനത്തിനായുള്ള അഡൈ്വസ് മെമ്മോ അയക്കുവാൻ ഇന്ന് ചേര്‍ന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ യോഗത്തില്‍ തീരുമാനമായി.
ഇതിനോടൊപ്പം തന്നെ, ഏറെ വിവാദമായ മുൻ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തുകയും തുടര്‍ന്ന് ഒന്നേകാല്‍ വര്‍ഷം മുന്‍പ് ജോലിയില്‍ പ്രവേശിക്കുകയും ചെയ്ത അരുണ്‍ ജെ. പ്രതാപിനെ സേവനത്തില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അടിയന്തരമായി കത്തയക്കാനും കമ്മീഷൻ തീരുമാനമെടുത്തിട്ടുണ്ട്.
പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിവരുന്ന അന്വേഷണത്തിനെതിരെ പിഎസ്സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കമ്മീഷന്റെ നിര്‍ണായക നടപടി. 58 മാര്‍ക്ക് വരുന്ന 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പുറത്തുവിടുകയും നിയമനങ്ങള്‍ നടത്തുകയും ചെയ്തത്.
ഇത് വലിയ തോതില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചതിനെത്തുടര്‍ന്നാണ് പിന്നീട് പുനര്‍മൂല്യനിര്‍ണയവും അഭിമുഖവും നടത്തേണ്ടി വന്നത്. ഈ വിഷയത്തില്‍ കമ്മീഷന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകളുണ്ടായെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തല്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷനിലെ നാല് അംഗങ്ങള്‍ക്ക് മൊഴിയെടുക്കുന്നതിനായി നോട്ടീസും നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

