കണ്ണീർത്തിരകൾ ഇളകിമറിയുന്നൊരു ആഴക്കടലിന്റെ തീരത്ത് രേഷ്മ തനിച്ചാണ്. ‘പൂമുഖം’ വീടിന്റെ ഉമ്മറത്തിരുന്നാൽ രേഷ്മയ്ക്ക് കടൽ കാണാം.
ഇളകിമറിയുന്ന തിരമാലകളേക്കാൾ ശക്തിയുണ്ട് ആ കണ്ണീരിന്റെ ഒഴുക്കിന്. തീരത്താകെ രേഷ്മയുടെ കണ്ണുനീരിന്റെ ഉപ്പ് പടർന്നു കിടക്കുന്നു.
നെഞ്ചിൽ സങ്കടത്തിരകളുടെ വേലിയേറ്റം. ഉമ്മറത്ത് ചാരിയിരുന്നു മുറ്റത്തെ ആ 3 കുഴിമാടങ്ങളിലേക്കു കണ്ണു പായിച്ച് നിശബ്ദയായി അവർ കണ്ണീർ വാർക്കുന്നു, ഇടയ്ക്ക് വാവിട്ട് പൊട്ടിക്കരയും.
ആ മൂവരും ശാന്തമായി ഉറങ്ങുകയാണ്. കൈപിടിച്ചു, കരുത്തേകി, കഥ പറഞ്ഞ് കൂടെ നടന്നവർ ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന സത്യം ഉൾക്കൊള്ളാൻ രേഷ്മയ്ക്ക് ഇനിയുമായിട്ടില്ല.
ജീവിതത്തിന്റെ പാതിയിൽ വച്ച് യാത്ര പോലും പറയാതെ ഇറങ്ങിപ്പോയ അച്ഛന്റെയും ഭർത്താവിന്റെയും മകന്റെയും അസാന്നിധ്യം ഏൽപ്പിക്കുന്ന ശൂന്യതയിൽ വീർപ്പുമുട്ടി പിടയുകയാണ് രേഷ്മ. വീടിന്റെ അകത്തളത്തിൽ തനിച്ചിരുന്ന്, സാരിത്തലപ്പ് കൊണ്ട് കണ്ണീർ തുടച്ച് അമ്മ സുമംഗല നെഞ്ചുപൊട്ടി കരയുന്നു.
പരസ്പരം ആശ്വസിപ്പിക്കാനാകാതെ ആ അമ്മയും മകളും നഷ്ടങ്ങളുടെ ആഴക്കടലിൽ മുങ്ങുകയാണ്! കുടുംബത്തിലെ 3 പേരെ നഷ്ടമായ മഹാദുരന്തത്തിന് 74 ദിനങ്ങൾ പിന്നിടുമ്പോൾ രേഷ്മയും സുമംഗലയും മാധ്യമങ്ങളോട് സംസാരിക്കുന്നു.
എല്ലാം നഷ്ടപ്പെട്ടിട്ട് 74 ദിനങ്ങൾ ജൂലൈ 31 വെള്ളിയാഴ്ചയാണ് പുത്തൻതുറ പൂമുഖം വീട്ടിൽ രേഷ്മയുടെ പിതാവ് യു.രാജീവനും ഭർത്താവ് രാധാകൃഷ്ണനും മകൻ ഗൗതം കൃഷ്ണയും കടലിലേക്കു പോയത്. രാജീവന് യൂറിക് ആസിഡ് കൂടിയത് മൂലം കൈയ്ക്കും കാലിനും കഠിനമായ വേദനയായതിനാൽ അന്ന് വള്ളത്തിൽ പോകുന്നില്ലെന്നു തീരുമാനിച്ചിരുന്നു.
വെറുതെ കൂടെ വന്നാൽ മതിയെന്ന ഗൗതമിന്റെ നിർബന്ധപ്രകാരമാണ് പുലർച്ചെ രാജീവനും പുറപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞപ്പോൾ മത്സ്യത്തൊഴിലാളികളെല്ലാം കടലിൽ വീണു.
ഗൗതമിനും രാധാകൃഷ്ണനും നീന്തൽ വശമില്ലായിരുന്നു. വള്ളം മറിഞ്ഞപ്പോൾ തിരയിൽപ്പെട്ട
ഗൗതമിനെ തോളിൽ വലിച്ചു കയറ്റി രക്ഷിക്കാൻ രാജീവൻ ശ്രമിച്ചെങ്കിലും കൈയ്ക്കു വേദനയായിരുന്നതിനാൽ പിടിവിട്ടു പോയി. ‘‘എന്നെ വിട്ടുകളയല്ലേ അപ്പാപ്പാ’’ എന്നു പറഞ്ഞ് ഗൗതം നിലവിളിക്കുന്നുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട് കരയ്ക്കെത്തിയ മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഗൗതമിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രാജീവൻ കുഴഞ്ഞുവീണ് പിടിവിട്ടു പോവുകയായിരുന്നു. പിന്നാലെ വന്ന തിരയിൽപ്പെട്ട് ഗൗതമിനെ കാണാതായി.
‘‘എന്റെ കുഞ്ഞേ’’ എന്നുള്ള നിലവിളിയോടെ രാജീവനും കൂടുതൽ ആഴത്തിലേക്കു പോയി. ഒപ്പമുണ്ടായിരുന്നവർ പിടിച്ചു വലിച്ച് തീരത്തെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ രാജീവൻ മരിച്ചു.
അപകടത്തിൽ കാണാതായ രാധാകൃഷ്ണന്റെ മൃതദേഹം പിറ്റേ ദിവസമാണ് കടലിൽ നിന്നും ലഭിച്ചത്. ഗൗതമിനെ ഇതുവരെ കണ്ടെത്താനായില്ല.
തിരച്ചിലിൽ നിരാശ നേവിയും ടൂറിസം വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിരച്ചിൽ കാര്യക്ഷമമല്ലെന്നാരോപിച്ച് രേഷ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
പിന്നാലെ കൂടുതൽ വിദഗ്ധ സംഘത്തെ കടലിലിറക്കി പരിശോധന നടത്തി. ഒരു മാസത്തിലേറെ തിരച്ചിൽ തുടർന്നെങ്കിലും നിരാശയായിരുന്നു ഫലം.
‘ഇല്ല, ഇനി അവൻ വരില്ല…’ പ്രതീക്ഷകളറ്റ് രേഷ്മ ഗൗതം കൃഷ്ണയെ കടലിൽ കാണാതായി 55-ാം ദിനം പ്രതീക്ഷകളറ്റ് രേഷ്മ വീട്ടുമുറ്റത്ത് അന്ത്യകർമങ്ങൾ നടത്തിയിരുന്നു. ഗൗതം മരിച്ചുവെന്നും ഇനിയൊരിക്കലും മടങ്ങി വരില്ലെന്നും ഉറപ്പിച്ച രേഷ്മ, മകന്റെ രൂപം മരത്തടിയിൽ കൊത്തിയെടുത്ത് ചിതയിൽ ദഹിപ്പിച്ച് കർമങ്ങൾ പൂർത്തിയാക്കി.
മകന് മോക്ഷം കിട്ടാനായി എല്ലാ കർമങ്ങളും ചെയ്തെന്നും അസ്ഥിയെന്നു സങ്കൽപ്പിച്ച് കുടത്തിൽ സൂക്ഷിച്ചിരിക്കുന്ന ശേഷിപ്പുകൾ വാരാണസിയിൽ കൊണ്ടുപോയി ഒഴുക്കുമെന്നും രേഷ്മ. ‘‘എന്നെ വാരാണസിയിൽ കൊണ്ടുപോകുമെന്ന് കുഞ്ഞ് വാക്ക് പറഞ്ഞിരുന്നു.
ഇനി അവന്റെ സാങ്കൽപ്പിക രൂപത്തിന്റെ ശേഷിപ്പുകളുമായി ഞങ്ങൾ വാരാണസിയിൽ പോകണം. ഒന്നും ബാക്കി വയ്ക്കാതെയല്ലേ അവൻ പോയത്.
ഈയവസ്ഥ ആർക്കുമുണ്ടാകാതിട്ടെ’’– മുത്തശ്ശി സുമംഗലയുടെ വാക്കുകൾ കണ്ണീരിൽ മുറിയുന്നു. സർക്കാർ കനിയണം ദുരന്തത്തിനു പിന്നാലെ സർക്കാർ സഹായത്തിനായി രേഷ്മയും ഇളയ മകൻ രാധേഷ് കൃഷ്ണയും നിരന്തരം തലസ്ഥാനത്തെത്തി മന്ത്രിമാരെ കാണുന്നുണ്ട്.
എല്ലാം ചെയ്യാമെന്നു വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ സഹായങ്ങൾ കിട്ടിയിട്ടില്ലെന്നാണ് ഇവരുടെ പരാതി. ഗർഭാശയത്തിൽ മുഴ കണ്ടെത്തിയതിനെത്തുടർന്ന് രേഷ്മ നിലവിൽ ചികിത്സയിലാണ്.
ആശുപത്രിച്ചെലവ് താങ്ങാനാകുന്നതിനപ്പുറം. അനാരോഗ്യം പോലും വകവയ്ക്കാതെയാണ് ഓരോ ആഴ്ചയും മന്ത്രിമാരെ കാണാനായി സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുന്നതെന്നു രേഷ്മ പറയുന്നു.
‘‘അച്ഛനും ഭർത്താവും മരണപ്പെട്ടതിനു പിന്നാലെ കലക്ടറുടെ ഓഫിസിൽ നിന്നെത്തി 8 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. പിന്നീട് ആരും വിളിക്കുകയോ സഹായം നൽകുകയോ ചെയ്തിട്ടില്ല.
വള്ളം തകർന്നതിന്റെ നഷ്ടപരിഹാരമെങ്കിലും കിട്ടിയിരുന്നെങ്കിൽ ഉപകാരമായേനെ. തുടർന്നു ജീവിക്കാൻ മറ്റൊരു മാർഗവുമില്ല.
കടക്കാർ വീട്ടുമുറ്റത്ത് വന്ന് പണം ചോദിച്ചു തുടങ്ങി. ഉടൻ തരാമെന്നു പറഞ്ഞ് അവരെ മടക്കി അയയ്ക്കുകയാണ്.
എങ്ങനെ കൊടുക്കുമെന്നറിയില്ല. എന്തു ചെയ്യുമെന്നറിയാതെ വട്ടപ്പൂജ്യത്തിൽ നിൽക്കുകയാണ് ഞങ്ങൾ.
മകൻ രാധേഷ് കൃഷ്ണയ്ക്ക് ഒരു ജോലി ലഭിക്കണം. അത് മാത്രമാണ് എന്റെ ആവശ്യം.
അതെങ്കിലും സർക്കാർ ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു. പട്ടിണി കിടന്നു മരിച്ചാലും അവനെ കടലിൽ പണിക്ക് വിടില്ല.’’– രേഷ്മ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

